അങ്കാറ: ബാങ്കിങ് രംഗത്തെ പരിചയ സമ്പന്നയും സാമ്പത്തിക വിദഗ്ധയുമായ ഹാഫിസ് ഗയെ ഇർകാനെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സെൻട്രൽ ബാങ്ക് ഗവർണർ ആയി നിയമിച്ചു. തുർക്കിയുടെ ചരിത്രത്തിൽ ആദ്യമായാണ് സെൻട്രൽ ബാങ്ക് ഗവർണറായി വനിതയെ നിയമിക്കുന്നത്. രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉർദുഗാൻ പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഹാഫിസ് ഗയെയുടെ നിയമനമെന്നാണ് കരുതുന്നത്.
സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപബ്ലിക് ബാങ്കിന്റെ മുൻ സഹ സി.ഇ.ഒയും ഗോൾഡ്മാൻ സാഷെ മാനേജിങ് ഡയരക്ടറുമായിരുന്നു 41കാരിയായ ഹാഫിസ് ഗയെ. ഇസ്തംബൂളിലെ ബൊഗാസിസി യൂനിവേഴ്സിറ്റിയിലായിരുന്നു ബിരുദ പഠനം. ഓപറേഷൻസ് റിസർച്ച് ആൻഡ് ഫിനാൻഷ്യൽ എൻജിനീയറിങ്ങിൽ യു.എസിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി.
സഹപ് കവ്‌സിയോഗ്ലുവിന്റെ പിൻഗാമിയായാണ് ഹാഫിസ് തുർക്കി സെൻട്രൽ ബാങ്ക് ഗവർണർ ആയി ചുമതലയേൽക്കുന്നത്. പണപ്പെരുപ്പം തടയാനായി പലിശനിരക്ക് 19 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി കുറയ്ക്കുകയായിരുന്നു സഹപ് ചെയ്തത്. വിദേശരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൈക്കൊണ്ട നയത്തിൽനിന്നു വ്യത്യസ്തമായിരുന്നു ഇത്. എന്നാൽ, തുർക്കി സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന ഘട്ടത്തിൽ കൂടുതൽ സാമ്പ്രദായിക സാമ്പത്തിക നയങ്ങളിലേക്ക് പുതിയ ഉർദുഗാൻ ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയായാണ് ഇപ്പോൾ എർകാനിന്റെ നിയമനത്തെ വിലയിരുത്തപ്പെടുന്നത്.
തുർക്കി പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഉർദുഗാൻ പുതിയ സെൻട്രൽ ബാങ്ക് ഗവർണറെ പ്രഖ്യാപിച്ചത്. യു.എസ് നിക്ഷേപക കമ്പനിയായ മെറിൽ ലിഞ്ചിലെ സാമ്പത്തിക വിദഗ്ധനായിരുന്ന മെഹ്മെത് സിംസെകിനെ പുതിയ ധനമന്ത്രിയായും തിരഞ്ഞെടുത്തിട്ടുണ്ട്. പണപ്പെരുപ്പം തടയാനായി മുൻ ഉർദുഗാൻ സർക്കാരുകൾ സ്വീകരിച്ചിരുന്ന സാമ്പ്രദായികമല്ലാത്ത സാമ്പത്തിക നയങ്ങളുടെ വിമർശകനായിരുന്നു സിംസെക്.