നിരവധി ലഹരി കടത്ത് കേസുകളിലെ പ്രതി തിരുവനന്തപുരത്ത് പൊലീസ് പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി ദിലീപാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്. 1200 ഗ്രാം കഞ്ചാവ്, 6 ബോട്ടിൽ ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, നാടൻ ബോംബ്, നാലു ലക്ഷത്തോളം രൂപ തുടങ്ങിയവരാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
തെലങ്കാന സർക്കാർ വിതരണം ചെയ്യുന്ന റേഷൻ അരിയുടെ 11 ചാക്കും കണ്ടെടുത്തു. കഞ്ചാവും മറ്റു മാരകമായ മയക്കുമരുന്നും കടത്താൻ വേണ്ടിയാണ് ദിലീപ് റേഷൻ അരിയും കടത്തിയിരുന്നതെന്നാണ് പൊലീസ് നിഗമനം. ദിലീപിന്റെ ഭാര്യ പ്രഭുല്ലയെയും പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. ഭാര്യയാണ് വീട്ടിൽ ചില്ലറ വിൽപന നടത്തിയിരുന്നത്.
നേരത്തെ കൊല്ലത്ത് മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായാണ് കൊല്ലം മയ്യനാട് നിന്നും രണ്ടുപേരെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കൊല്ലം മയ്യനാട് സ്വദേശികളായ ആൽവിൻ ജോർജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് ലഹരി വ്യാപാരം വർദ്ധിക്കുന്നതായി വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘവും സൈബർ സെല്ലും ചേർന്ന് നടത്തിയ രഹസ്യ നീക്കങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകരമായത്. പ്രതികൾ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ടവരാണ്. താന്നി ബീച്ചിൽ എത്തുന്ന യുവാക്കളും കോളേജ് വിദ്യാർത്ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കൾ.
സ്കൂൾ കുട്ടികൾക്ക് ഇടയിലെ ലഹരി ഉപയോഗം വർധിപ്പിച്ചു വരുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിന് വേണ്ടി നടന്നു വരുന്ന യോദ്ധാവ് പരിപാടിയുടെ ഭാഗമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് വിൽപന നടത്തുന്ന കൊല്ലം അമ്പലംകുന്ന് സ്വദേശി രഘു പിടിയിലായിരുന്നു.