ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ദില്ലിയിലെ ഹൈദരബാദ് ഹൗസില്‍ നയതന്ത്രതല ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ 7 ധാരണാപത്രങ്ങള്‍ കൈമാറി. ഖുഷിയാര നദി ജലം പങ്കുവെക്കുന്നതും റെയില്‍വെ ബഹിരാകാശ, വ്യാപാര രംഗങ്ങളിലെ സഹകരണം ഉറപ്പിക്കുന്നതുമായ കരാറുകളിലാണ് ഒപ്പിട്ടത്.
ഇന്ത്യയുടെ സഹകരണത്തോടെ ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന മൈത്രി താപ വൈദ്യുത നിലയത്തിന്‍റെ പ്രഖ്യാപനവും ചർച്ചയില്‍ നടത്തി. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര വികസന പങ്കാളിയാണ് ബംഗ്ലാദേശെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നയതന്ത്രതല ചർച്ച ഗുണപരമായിരുന്നുവെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വ്യക്തമാക്കി.