ദില്ലി:ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥിരതയും അസ്ഥിരതയും തമ്മിലുളള പോരാട്ടമാണ് നടക്കാൻ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഇന്ത്യ സഖ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു.കോണ്‍ഗ്രസാണ് രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി.കാശ്മീരിലെ പ്രശ്നങ്ങൾക്കു പിന്നിലും രാജ്യത്തെ മതപരമായി വിഭജിച്ചതിന് പിന്നിലും കോണ്‍ഗ്രസാണ്.സ്വന്തം ചെയ്തികൾ കൊണ്ട് കോണ്‍ഗ്രസിന് ജനപിന്തുണ നഷ്ടമായി.കോണ്‍ഗ്രസ് പാവയ്ക്കക്ക് സമമാണ്, പഞ്ചസാരയോ നെയ്യോ ചേർത്താലും മധുരിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.ഇന്ത്യയെ വിഭജിക്കാനാണ് പ്രതിപക്ഷ എംപിമാരുടെ ശ്രമം.ഇന്ത്യ സംഖ്യത്തിലെ ചിലർ ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കാൻ ആവശ്യപ്പടുന്നു.ഡിഎംകെ പാർട്ടി സനാതന ധർമ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടും ഉപമിക്കുന്നുവെന്നും മോദി പറഞ്ഞു.
അതിനിടെ പ്രകടനപത്രികയില്‍ മുസ്ലീംപ്രീണനമെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി . എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചാരണം നടത്താനുള്ള അന്തരീക്ഷമുണ്ടാകണമെന്നും മോദിക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് പരാതിയില്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് പ്രതിരോധമുയര്‍ത്തിയിട്ടും മോദി ആക്ഷേപം തുടര്‍ന്നു. പ്രധാനമന്ത്രിയുടെ ആരോപണത്തോട് മുഖം തിരിച്ച രാഹുല്‍ ഗാന്ധി ആദിവാസികളെ ബിജെപി അപമാനിക്കുകയാണെന്ന് തിരിച്ചടിച്ചു