ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ സ്വർണം നേടാനാവാതെ നിരാശയായി രാജ്യത്തോട് മാപ്പ് ചോദിച്ച പൂജ ഗെഹ്‍ലോട്ടിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നരേന്ദ്ര മോദിയുടെ പ്രതികരണം രാജ്യാന്തര പ്രശംസ പിടിച്ചുപറ്റുകയാണ്. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ മോദിയുടെ നല്ല മാതൃകയെ പ്രശംസകൊണ്ടുമൂടി.
50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു പൂജ ഗെഹ്‍ലോട്ട്. എന്നാല്‍ ഗെഹ്‍ലോട്ടിന്‍റെ പോരാട്ടം വെങ്കലത്തില്‍ ഒതുങ്ങി. ദേശീയഗാനം വേദിയിൽ കേൾപ്പിക്കുമെന്ന് കരുതിയാണ് വന്നതെന്ന് പറഞ്ഞായിരുന്നു മത്സരശേഷം പൂജ പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.