മുംബൈ: മുസ്‌ലിം പള്ളിയുടെ 100 മീറ്റർ ചുറ്റളവിൽ ബാങ്ക് വിളിക്കുന്നതിന്‍റെ മുമ്പും ശേഷവുമുള്ള പതിനഞ്ച് മിനിറ്റിൽ ഭജനയോ പാട്ടോ വായിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ നാസിക് പൊലീസ് കമീഷണറെ സ്ഥലം മാറ്റി. ദീപക് പാണ്ഡെയെയാണ് സർക്കാർ സ്ഥലംമാറ്റിയത്.
വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ സ്പെഷൽ ഐ.ജിയായാണ് പുതിയ നിയമനം. പാണ്ഡെയുടെ നിർദേശത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നിരുന്നു. നാസികിലെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മേയ് മൂന്നിനകം അനുമതി തേടണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാണ്ഡെ അറിയിച്ചിരുന്നു.