ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടമാനഭംഗക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്‍റെ നടപടിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘‘നിങ്ങൾ എന്താണു പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്’’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
‘‘അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ പീഡിപ്പിക്കുകയും അവരുടെ മൂന്ന് വയസ്സുള്ള മകളെ കൊല്ലുകയും ചെയ്തവരെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്കിടെ വിട്ടയച്ചു. സ്ത്രീ ശക്തിയെക്കുറിച്ചു സംസാരിക്കുന്നവർ രാജ്യത്തെ സ്ത്രീകൾക്കു നൽകുന്ന സന്ദേശമെന്താണ്? പ്രധാനമന്ത്രി, നിങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്നു രാജ്യം കാണുന്നുണ്ട്’’- രാഹുൽ കുറിച്ചു.
സ്വതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ, സ്ത്രീകളെ ബഹുമാനിക്കണമെന്നും രാജ്യത്തെ പെൺകരുത്തിനെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും വനിതാ സ്വതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രതികളെ വിട്ടയച്ചതില്‍ രാജ്യമെങ്ങും കടുത്ത വിമർശനം ഉയർന്നിരുന്നു.