ആലപ്പുഴ ∙ നാഷനൽ അഗ്രികൾചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) തമിഴ്നാട്ടിലെ കർഷകരിൽ നിന്നു സംഭരിച്ച 16,000 ടൺ കൊപ്ര പൊതുവിപണിയിൽ വിൽക്കുന്നു. ഇതിനുള്ള ഓൺലൈൻ ലേലം ഇന്നലെ ആരംഭിച്ചതോടെ കേരള വിപണിയിൽ കൊപ്രവില ഇടിയുമെന്ന് ആശങ്ക. നാഫെഡിൽ നിന്നു കുറഞ്ഞ വിലയ്ക്ക് കൊപ്ര ലഭിക്കുമെന്നതിനാൽ വെളിച്ചെണ്ണ ഉൽപാദക കമ്പനികൾ കേരളത്തിലെ മൊത്ത വ്യാപാരികളിൽ നിന്നു കൊപ്ര വാങ്ങുന്നതു കുറച്ചിരിക്കുകയാണ്. നാഫെഡ് സംഭരിച്ച കൊപ്ര കഴിഞ്ഞ ഡിസംബറിൽ ഇതുപോലെ പൊതുവിപണിയിൽ വിൽപന നടത്തിയപ്പോൾ കേരളത്തിലെ കൊപ്ര വില കുത്തനെ ഇടിഞ്ഞിരുന്നു.
വിപണി വിലയെക്കാൾ ക്വിന്റലിന് 800 രൂപ വരെ കുറച്ചാണു കഴിഞ്ഞ തവണ നാഫെഡ് കൊപ്ര വിറ്റത്. 2022ൽ നാഫെഡ് താങ്ങുവില നൽകി സംഭരിച്ച കൊപ്രയിലെ ഒരു ഭാഗമാണ് ഇപ്പോൾ വിറ്റഴിക്കുന്നത്. വിപണി വിലയിലും കുറച്ചാണ് ഇത്തവണയും വിൽപനയെങ്കിൽ പൊതുവിപണിയിൽ വിലയിടിയും. അതേസമയം ഇപ്പോഴത്തെ വിപണിവില അടിസ്ഥാനമാക്കി ലേലം നടന്നാൽ വിപണിയെ കാര്യമായി ബാധിക്കില്ല.