തിരുവനന്തപുരം: ക്ലിനിക്കൽ മൈക്രോ ബയോളജിസ്റ്റുകളുടെ ഒമ്പതാം ത്രിവർഷ കോൺഫറൻസായ ട്രിക്കോൺ സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ശനിയാഴ്ച രാവിലെ രാവിലെ 10 മണിക്ക് ഹോട്ടൽ റസിഡൻസി ടവറിൽ വെച്ച് നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.ഇന്ന് ലോക രാജ്യങ്ങൾ നേരിടുന്ന വൈറസ്, ഫംഗസ് രോഗങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളാണ് കോൺഫൻസിൽ നടക്കുക. ലോക പ്രശസ്ത മൈക്രോ ബയോളജിസ്റ്റുകളും വൈറോളജിസ്റ്റുകളുമായി അഞ്ഞൂറോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.
ലോക പ്രശസ്ത മൈക്രോ ബയോളജിസ്റ്റ് ഡോ. ടിം ബ്രൂക്ക്സ് വൈറസ് രോഗങ്ങളുടെ ആഗോള സാഹചര്യം, വരാനുള്ള ഭീഷണി എന്നിവയെക്കുറിച്ച് പ്രഭാഷണം നടത്തും. യു.കെ. ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ റെയർ ആന്റ് ഇൻപോർട്ടഡ് പത്തോജൻസ് ലബോറട്ടി ക്രിനിക്കൽ സർവീസ് ഡയറക്ടറാണ് ഡോ. ടിം ബ്രൂക്ക്സ്.തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിഭാഗവും ആർ.സി.സി, ശ്രീ ചിത്ര മെഡിക്കൽ സെന്ററും സംയുക്തമായാണ് കോൺഫറൻസ് നടത്തുന്നത്.ഈ സമ്മേളനത്തിൽ വെച്ച് ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുകളുടെ പുതിയ ദേശീയ പ്രസിഡന്റായി ശ്രീചിത്ര മെഡിക്കൽ സയൻസിലെ ഡോ. കവിത രാജ ചുമതലയേൽക്കുമെന്ന് ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൻ ഡോ. മഞ്ജുശ്രീ. എസും ഓർഗനൈസിങ് കമ്മിറ്റി സെക്രട്ടറിമാരായ ഡോ. ജ്യോതി. ആർ, ഡോ. സ്വപ്ന ബിജുലാൽ, ഡോ. ദിനൂപ് എന്നിവർ അറിയിച്ചു.