ന്യൂഡൽഹി> ജിഎസ്‌ടി നടപ്പാക്കിയതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് സംഭവിച്ചിട്ടുള്ള വരുമാനനഷ്‌ടം നികത്തുന്നതിനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവ് നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജിഎസ്‌ടി നഷ്‌ടപരിഹാര കാലയളവായി നിശ്‌ചയിച്ചിട്ടുള്ള അഞ്ചുവർഷ പരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടു.
2017 ലാണ് രാജ്യത്ത് ജിഎസ്‌ടി സംവിധാനം നടപ്പിലാക്കിയത്. ജിഎസ്‌ടി നഷ്‌ടപരിഹാരത്തിനുള്ള അഞ്ചുവർഷ കാലയളവ് 2022 ജൂണോടെ അവസാനിച്ചു. കഴിഞ്ഞ ജിഎസ്‌ടി കൗൺസിൽ യോഗത്തിലും നഷ്‌ടപരിഹാര കാലയളവ് നീട്ടണമെന്ന ആവശ്യം ബിജെപി ഭരണ സംസ്ഥാനങ്ങൾ അടക്കം മുന്നോട്ടുവെച്ചിരുന്നു. ശനിയാഴ്‌ചത്തെ യോഗത്തിലും ഈയാവശ്യം മുന്നോട്ടുവെച്ചെങ്കിലും കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.
അടുത്ത കൗൺസിൽ യോഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് ഈയാവശ്യം ഉന്നയിക്കും. കോവിഡും പ്രകൃതിക്ഷോഭങ്ങളും മറ്റും കാരണം കേരളത്തിന് വലിയ വരുമാന നഷ്ടം സംഭവിച്ചിട്ടുണ്ട്. ജിഎസ്‌ടി നടപ്പാക്കിയപ്പോഴുള്ള റവന്യൂന്യൂട്രൽ നിരക്കിൽ വലിയ കുറവ് സംഭവിക്കുകയും ചെയ്‌തും ആഡംബര വസ്‌തുക്കളുടെയും മറ്റും ജിഎസ്‌ടി കുറച്ചതിനെ തുടർന്നാണിത്. ഇതെല്ലാം പരിഗണിക്കുമ്പോൾ നഷ്ടപരിഹാര കാലയളവ് ദീർഘിപ്പിക്കണം. എന്നാൽ ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നും മറ്റുമുള്ള തടസ്സവാദങ്ങളാണ് കേന്ദ്രം ഉയർത്തുന്നത്.
സ്വർണത്തിനും മറ്റ് വിലപിടിപ്പുള്ള ലോഹങ്ങൾക്കും ഇവേ ബിൽ സംസ്ഥാനങ്ങൾക്കുള്ളിൽ നടപ്പാക്കാൻ തീരുമാനമായി. രാജ്യത്ത് സ്വർണവും മറ്റും കൊണ്ടുപോകുമ്പോൾ ഇവേ ബിൽ വേണമെന്നത് കേരളം മുന്നോട്ടുവെച്ച ആവശ്യമാണ്. ഇപ്പോഴെന്തായാലും സംസ്ഥാനങ്ങൾക്കുള്ളിൽ ഇവേ ബിൽ വേണമെന്ന് തീരുമാനമായിട്ടുണ്ട്. സ്വർണവ്യാപാരികളും മറ്റും സ്വർണം കൊണ്ടുപോകുമ്പോൾ ഇനി ഇവേ ബിൽ കൂടി വേണ്ടി വരും. ജിഎസ്‌ടി ട്രൈബ്യൂണലുകൾ രൂപീകരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപിടിക്കാനാകു.
ഓരോ സംസ്ഥാനത്തും എത്ര ട്രൈബ്യൂണൽ ബെഞ്ചുകൾ വേണം, ടെക്‌നിക്കൽ അംഗങ്ങളുടെ നിയമനം തുടങ്ങിയ കാര്യങ്ങളിലൊക്കെ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം. കേരളത്തിൽ മൂന്ന് ബെഞ്ച് അനുവദിക്കണം. ഇക്കാര്യങ്ങളെല്ലാം കേരളം രേഖാമൂലം ആവശ്യപ്പെട്ടു. ഐജിഎസ്‌ടി അനുപാതം സംസ്ഥാനങ്ങൾക്ക് നേട്ടമാകുന്ന വിധം ഉയർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്– ബാലഗോപാൽ പറഞ്ഞു.