ദില്ലി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയായ കുരുക്ക് മുറക്കാൻ എൻഫോഴ്സ്മെന്‍റ്. രാഹുൽ ഗാന്ധിയോട് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശം നൽകി. ഇന്നലെ തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന രാഹുലിൻ്റെ ആവശ്യം നിരാകരിച്ചാണ് ഇഡിയുടെ നീക്കം. രാവിലെ പതിനൊന്ന് മണിക്കാണ് ഹാജരാകാൻ നിർദേശം. കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഉൾപ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഇഡി രാഹുലിനെ കാണിച്ചു.
ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. എന്നാൽ ഉത്തരങ്ങളും വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് ഇ ഡി അസിസ്റ്ററ്റ് ഡയറക്ടർ മോണിക്കാ ശർമ്മ നേതൃത്വം നൽകുന്ന സംഘം രാഹുലിനോട് ഇന്നലെ ചോദിച്ചറിഞ്ഞത്. അതേസമയം ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥർ സമയം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടെന്നാണ് വിവരം.