അരൂർ: പുനർനിർമാണം നടത്തി തുറന്നുകൊടുത്തെങ്കിലും അരൂർ -തുറവൂർ ദേശീയപാത സഞ്ചാരയോഗ്യമല്ലാതെ തുടരുന്നു. കുണ്ടും കുഴിയും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് ഇപ്പോൾ പഴയതിനേക്കാൾ മോശമായ അവസ്ഥയിലാണ്.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ -തുറവൂർ ദേശീയപാതയിൽ ഗതാഗതം സാധ്യമാകാതെ വന്നതിനെ തുടർന്ന് അഞ്ച് ദിവസം മുൻപാണ് റോഡ് പൂർണ്ണമായും അടച്ചിട്ട് പ്രാദേശിക ഗതാഗതം പോലും അനുവദിക്കാതെ പുനർനിർമാണം നടത്തിയത്.
എന്നാൽ, കരാർ കമ്പനി പൂർണമായി പുനർനിർമാണം നടത്താൻ തയാറായില്ല. ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന റോഡ് തിങ്കളാഴ്ച തുറന്നുകൊടുക്കുകയും ചെയ്തു. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഉയരപ്പാതയുടെ നിർമാണ പ്രവർത്തനം നടത്തുന്ന ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ചെളിയും, ഡ്രഡ്ജിംഗ് മാലിന്യവും റോഡിലേക്ക് തള്ളുന്നതും അവസാനിപ്പിച്ചിട്ടില്ല.
പ്രാദേശിക സഞ്ചാരത്തിന് റോഡരികിൽ നിർമിച്ച നടപ്പാത അശാസ്ത്രീയമാണെന്ന ആക്ഷേപവും നിലനിൽക്കുന്നു. വെള്ളം ഒഴുകിപോകുന്നതിന് തടസ്സം നിൽക്കുന്നത് നടപ്പാതയാണ്.