ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കമീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. മെഡിക്കൽ കോളേജിൽ വിദഗ്ധ സമിതി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ ഗുരുതരമായ പോരായ്മകളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ്. മൂന്നുതവണ മുന്നറിയിപ്പ് കൊടുത്തിട്ടും നിർദേശങ്ങൾ പാലിക്കാത്തതിനാൽ ഒരു കോടി വരെ പിഴ ചുമത്താവുന്നതാണ്. അല്ലങ്കിൽ എം.ബി.ബി.എസ് സീറ്റുകൾ കുറക്കേണ്ടിവരും.
വിദഗ്ധ സമിതി നടത്തിയ പരിശോധനകളിൽ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയത്. ചികിത്സ സൗകര്യങ്ങളിലും ശസ്ത്രക്രിയകളിലും കുറവ് കണ്ടെത്തിയതിനെ തുടർന്ന് ദേശീയ മെഡിക്കൽ കമീഷൻ ഇടുക്കി മെഡിക്കൽ കോളേജിന് ഇക്കഴിഞ്ഞ 19 നാണ് കാരണംകാണിക്കൽ നോട്ടിസ് അയച്ചത്.
നിലവിലെ സീറ്റുകളുടെ എണ്ണം കുറക്കാതിരിക്കാൻ മൂന്നു ദിവസത്തിനുള്ളിൽ കാരണം കാണിക്കണമെന്നാണ് നോട്ടിസിൽ പറയുന്നത്.അധ്യാപകരുടെ കുറവ്, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, പഠനാവശ്യത്തിനുള്ള മൃതശരീരങ്ങളുടെ ലഭ്യതക്കുറവ്, ഹിസ്റ്റോ പതോളജി, സൈറ്റോ പതോളജി, കൾച്ചറൽ സെൻസിറ്റിവിറ്റി എന്നിവയുടെ അപര്യാപ്തത, എക്സ് റേ, അൾട്രാ സൗണ്ട്, സി.ടി, എം.ആർ.ഐ സ്കാനിങ് തുടങ്ങിയ സൗകര്യങ്ങളുടെ കുറവ്, മേജർ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവ്, നേത്രരോഗ-ഇ.എൻ. ടി ശസ്ത്രക്രിയകളുടെ കുറവ്, അസ്ഥി വിഭാഗം ശസ്ത്രക്രിയകളുടെ കുറവ്, സ്ത്രീജന്യ രോഗ ചികിത്സ, പ്രസവ ചികിത്സ ഇവയുടെ കുറവ്, ശിശു ജനനത്തിലുള്ള കുറവ് തുടങ്ങിയ കുറവുകൾ ചൂണ്ടിക്കാട്ടിയാണ് ദേശീയ മെഡിക്കൽ കമീഷൻ ഇടുക്കി മെഡിക്കൽ കോളജിന് കത്തയച്ചത്.
ഞായറാഴ്ചയാണ് കത്ത് കിട്ടിയത്. ബുധനാഴ്ച 10ന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കാനും കത്തിൽ നിർദേശമുണ്ട്. അതേസമയം അടിസ്ഥാന സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച പഠിപ്പ് മുടക്കി സമരം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.