തിരുവനന്തപുരം > സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82% സ്‌കോറും, കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. വയനാട് എഫ്എച്ച്‌സി പൂതാടി 90% സ്‌കോർ നേടി പുനരംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും 66 ആശുപത്രികൾക്ക് പുനരംഗീകാരവും നേടിയെടുക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി.
5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 109 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ 10 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻക്യുഎഎസ് അംഗീകാരത്തിന് 3 വർഷ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസന്റീവ് ലഭിക്കും.