കൊല്‍ക്കത്ത> ഉത്തര ദിനാജ്പൂര്‍ ജില്ലയിലെ കാളിയാഗഞ്ചില്‍ പൊലീസ് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരിക്കേറ്റു. എതാനും ദിവസം മുമ്പ് ആദിവാസി ബാലികയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ഇതില്‍ രോഷാകുലരായ ജനങ്ങള്‍ പൊലീസ് സ്റ്റേഷന് തീയ്യിട്ട് നശിപ്പിച്ചു. തുടര്‍ന്ന് കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് നടത്തിയ തെരച്ചിലിനിടയിലാണ് വെടിവെപ്പ് നടന്നത്.
സംഭവുമായി ബന്ധമില്ലാത്ത മൃത്യുജ്ഞയ്റായ് ബര്‍മ്മന്‍(33) ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സിലിഗുരിയില്‍ ജോലി ചെയ്യുന്ന ബര്‍മ്മന്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. തീവെപ്പു കേസിലെ പ്രതികളെ പിടിക്കാനായി വ്യാഴാഴ്ച രാത്രി ഗ്രാമത്തില്‍ പൊലീസ് വ്യാപകമായ തെരച്ചിലാണ് നടത്തിയത്. വീടുകള്‍ കയറി നടത്തുന്ന അക്രമം തടയാന്‍ ജനങ്ങള്‍ സംഘടിതമായി രംഗത്തുവന്നു. ഇതിനിടെയാണ്
മുന്നറിയിപ്പില്ലാതെ പൊലീസ് വെടിവെച്ചത്.
ഇതിനിടെ വീടിന് പുറത്തുവന്ന മൃത്യുജ്ഞയ്ക്ക് നേരെ പൊലീസ് തൊട്ടടുത്ത് നിന്ന് വെടിവെയ്ക്കുകയായിരുന്നു, ജനങ്ങള്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലത്ത് വീണ്ടും വ്യാപക പ്രതിഷേധം ഉയര്‍ന്നു. പൊലീസിനു നേരെ വീണ്ടും അക്രമം ഉണ്ടായി. ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലും പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് രാജ്വംശി ആദിവാസി സംഗതം സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച ഉത്തര ബംഗാളില്‍ ബന്ദ് ആചരിച്ചു.
ബിജെപിയും തൃണമൂലും സംഭവത്തില്‍ പഴിചാരി പരസ്പരം ആരോപണം ഉയര്‍ത്തി. ഏതൊരു സംഭവത്തിലും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് തൃണമൂലും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം പറഞ്ഞു. കാളിയാഗഞ്ചിലെ പൊലീസ് നടപടി അങ്ങേയറ്റം അപലപനീയവും നിന്ദ്യാര്‍ഹവുമാണ്.
ഉത്തരവാദികളായവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും സലിം ആവശ്യപ്പെട്ടു. ജനങ്ങള്‍ നിയമം കയ്യിലെടുക്കാതെ സമാധാനപരമായി പ്രതിഷേധം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.