കോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് മുന്നണി സർക്കാരിന്റെ ജനകീയ പിന്തുണയ്ക്കും, പ്രതിശ്ചായക്കും കളങ്കമേൽപ്പിക്കുന്ന നടപടിയാണിതെന്നും യോഗം അഭിപ്രായപ്പെട്ടു.
വാഹനമിടിച്ചു കൊലപ്പെടുത്തിയത് മുതൽ തന്റെ പദവിയും അധികാരവും ഉപയോഗിച്ച് കേസന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും, വ്യാജ തെളിവുകൾ ചമച്ചതുൾപ്പെടെ കുറ്റാരോപിതനാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇത്തരം ഒരാൾക്ക് ഏറ്റവും ഉത്തരവാദിത്വപ്പെട്ട ചുമതലകൾ നൽകുന്നത് കൊലചെയ്യപ്പെട്ട മാധ്യമപ്രവർത്തകനോടും കുടുംബത്തോടും ചെയ്യുന്ന അനീതിയാണ്. നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലാത്ത ഉദ്യോഗസ്ഥന്, നീതിപൂർവ്വമായി ജനങ്ങളോട് ഇടപെടാൻ സാധിക്കില്ല എന്ന് വ്യക്തമാണെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
കോഴിക്കോട് ടൗൺ ഹാളിൽ നടന്ന യോഗം നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഒപി റഷീദ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷംസീർ കരുവന്തിരുത്തി സ്വാഗതം പറഞ്ഞു. ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദ്ദീൻ മജീദ് വൈസ് പ്രസിഡണ്ടുമാരായ റഹ്മത്തുള്ള ആസാദ് പൂന്തുറ, ഗഫൂർ കൂടത്തായി, ആസിക് കള്ളിക്കുന്ന്, ഗഫൂർ താനൂർ ജോയിന്റ് സെക്രട്ടറിമാരായ ജഅ്ഫർ ശർവാനി പാലക്കാട്, കലാം ആലുങ്ങൽ, മുജീബ് കൊല്ലൂർവിള കൊല്ലം, ഷമീർ കണ്ണൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ അമീൻ മേടപ്പിൽ നന്ദി പറഞ്ഞു.
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കടുത്ത പ്രതിഷേധവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തിയിരുന്നു. കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. നിയമിച്ചതിൽ കേരള പത്രപ്രവർത്തക യൂണിയനും പ്രതിഷേധിച്ചു.
കൊലപാതക കേസിൽ ഒന്നാം പ്രതിയായി സർക്കാർ തന്നെ കുറ്റപത്രം നൽകിയ വ്യക്തിയാണ് ശ്രീരാം വെങ്കിട്ടരാമനെന്ന് പത്രപ്രവര്‍ത്ത യൂണിയന്‍ പറയുന്നു. അദ്ദേഹത്തിന്റെ സസ്പെൻഷൻ പിൻവലിച്ച അവസരത്തിലും ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി നിയമിച്ച അവസരത്തിലും യൂണിയൻ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും കൂടുതൽ ഇടപെടേണ്ട കളക്ടറായാണ് നിയമിച്ചിരിക്കുന്നത്. കെ എം ബഷീറിന്റെ ദാരുണമായ മരണം മാധ്യമ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും വൈകാരികവും ഇന്നും ഏറെ വേദനയോടെ മാത്രം ഓർക്കുന്ന സംഭവവുമാണ്. അത്തരം ഒരു കേസിൽ കോടതി വിധി വരുന്നതിന് മുമ്പ് തന്നെ കേസിലെ ഒന്നാം പ്രതിയെ കളക്ടർ എന്ന ഉന്നത പദവിയിൽ നിയമിച്ചത് തികച്ചും അനുചിതമാണെന്ന് പത്രപ്രവര്‍ത്ത യൂണിയന്‍ കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരോഗ്യ വകുപ്പുമായി ബന്ധില്ലാത്ത കാര്യമായതിനാൽ പ്രതികരണത്തിനില്ലെന്ന് മന്ത്രി വീണ ജോര്‍ജ്ജ് ഒഴിഞ്ഞു മാറി. ഒരിക്കൽ വകുപ്പ്തല നടപടിയെടുത്തതിനാൽ ഉദ്യോഗസ്ഥനെ വീണ്ടും പദവികളിൽ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് സര്‍ക്കാര്‍ നിലപാട്.