തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക തൊഴിലാളി സംഘടനകൾ, കേന്ദ്ര,സംസ്ഥാന സർവീസ് സംഘടനകൾ, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, എൽഐസി, ബിഎസ്എൻഎൽ ജീവനക്കാരുടെ സംഘടനകൾ, അധ്യാപക സംഘടനകൾ, തുറമുഖ തൊഴിലാളികൾ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരും പണിമുടക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷൻ മാർച്ച് 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതിനിടെ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർക്കടക്കം ഹാജർ നിർബന്ധമാക്കണമെന്നും ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു.
ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികളും വ്യക്തമാക്കി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുമെന്ന് എറണാകുളം ബിപിസിഎല്ലിലെ (BPCL) സിഐടിയു യൂണിയൻ തൊഴിലാളികൾ അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്‌മെന്റ് പണിമുടക്കിനെതിരായ ഉത്തരവ് നേടിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിഐടിയു പ്രതിനിധി അജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞത്. സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജി പരിഗണിച്ച കോടതി തടഞ്ഞത്. പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം എന്നിവയെല്ലാം പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻലിമിറ്റഡ് അഭിഭാഷകനായ ബെന്നി പി തോമസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി, ഹർജിക്കാരുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുതെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്.