കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ ജോലി ചെയ്യാൻ തയാറായി എത്തിയ അധ്യാപകർക്ക് മർദ്ദനമേറ്റതായി പരാതി. അത്തോളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെത്തി പ്രാദേശിക സിപിഎം നേതാക്കൾ മർദ്ദിച്ചെന്നാണ് അധ്യാപകരുടെ പരാതി.
ദേശീയ അധ്യാപക പരിഷത്തിന്റെ കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു, സുബാഷ് എന്നീ അദ്ധ്യാപകരെ സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം വിദ്യാലയത്തിൽ വച്ച് മർദ്ദിച്ചതായാണ് പരാതി. പരിക്കേറ്റതിനെ തുടർന്ന് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് അധ്യാപകർ ജോലിക്കെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. അദ്ധ്യാപകരെ മർദ്ദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.