കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന പ്രധാന പ്രശ്നമാണ് താരൻ. ഇത് കാരണമുള്ള പ്രശ്നങ്ങളാവട്ടെ പലവിധം. മുടി കൊഴിച്ചിൽ മുതൽ മുഖക്കുരു വരെ, താരൻ സമ്മാനിക്കുന്ന പ്രതിസന്ധികൾ ഏറെയാണ്. തലയോട്ടിയിലെ വരൾച്ച, ഭക്ഷണം, വൃത്തിയില്ലായ്മ, സ്ട്രെസ് ഇതെല്ലാമാണ് താരൻ വരാനുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ഇവയെ അകറ്റിനിർത്താൻ നമ്മുടെ വീട്ടിൽ തന്നെയുണ്ട് ചില പോംവഴികൾ. അവ എന്താണെന്ന് നോക്കിയാലോ?
ചെറുനാരങ്ങ
ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണം ചെയ്യുന്ന മോയ്സ്ചറൈസർ ആണ് ചെറുനാരങ്ങ. താരൻ അകറ്റാനും നാരങ്ങ മികച്ച പോംവഴിയാണ്. നാരങ്ങ രണ്ടായി മുറിച്ച് ഇതിന്റെ നീര് തലയോട്ടിയിൽ പുരട്ടി നന്നായി തടവുക എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശേഷം ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു കപ്പു വെള്ളത്തിൽ ചേർത്ത് തലയിൽ തേച്ച് കഴുകുക. താരൻ പൂർണമായി മാറും വരെ ഇത് ദിവസവും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
തൈരും മുട്ടയും
തൈരും മുട്ടയും താരനെ അകറ്റാൻ മികച്ച ഉപാധിയാണ്. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്, കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. അതുകൊണ്ട് തന്നെ ഇവ രണ്ടും ചേർത്താൽ താരനെ പമ്പ കടത്താം. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നിങ്ങളുടെ തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടി ടവൽ കൊണ്ട് മൂടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.
വെളുത്തുള്ളി
താരൻ അകറ്റാൻ സഹായിക്കുന്ന മറ്റൊരു എളുപ്പവഴിയാണ് വെളുത്തുള്ളി. നമ്മുടെയെല്ലാം അടുക്കളയിൽ സുലഭമായി കിട്ടുന്ന സാധനമാണ് വെളുത്തുള്ളി. ഇത് ചതച്ച് നീരെടുത്ത് തലയിൽ തേക്കാം. ഈ നീരിനൊപ്പം അല്പം തേൻ ചേർക്കാൻ മറക്കരുത്. ഇത് വെളുത്തുള്ളിയുടെ ദുർഗന്ധം അകറ്റാൻ സഹായിക്കും.
കറ്റാർവാഴ ജെൽ
മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം താരൻ അകറ്റാനും ഫലപ്രദമാണ് കറ്റാർവാഴ ജെൽ. ഇത് തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കു ശേഷം കഴുകിക്കളയാം. താരനും തലയിലെ ചൊറിച്ചിലും മാറ്റാൻ ഇത് സഹായിക്കും. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.