തൃശൂര്‍ : പ്രാദേശിക ജൈവവൈവിധ്യം ഉറപ്പാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒരുക്കിയ പച്ചത്തുരുത്തുകളുടെ വിസ്‌തൃതി എഴുന്നൂറ് ഏക്കറില്‍ എത്തിയതിന്റെ സംസ്ഥാനതല പ്രഖ്യാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. തൃശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മെയ് 13 ശനിയാഴ്ച വൈകിട്ട് 4 ന് നടക്കുന്ന ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അധ്യക്ഷനാകും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ റിപ്പോര്‍ട്ട് അവതരണം നടത്തും. തൃശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്‌ണതേജ ഐഎഎസ് ചടങ്ങില്‍ വിശിഷ്ടാതിഥിയാകും.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മപരിപാടിയില്‍ 2023 മെയ് മാസത്തോടെ പച്ചത്തുരുത്തുകളുടെ വിസ്‌തൃതി 700 ഏക്കറായി വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും ഉള്‍പ്പെടെ സംയുക്തമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചത്തുരുത്ത് വിസ്‌തൃതി ലക്ഷ്യവും കടന്ന് 779 ഏക്കറായി വര്‍ദ്ധിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും നടപ്പിലാക്കുന്ന വനസമേതം പച്ചത്തുരുത്തുകള്‍ ഈ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്.