ന്യൂഡൽഹി: യുക്രെയ്നിലെ നാലാം വർഷ മെഡിക്കൽ വിദ്യാർഥി കർണാടക ഹവേരി ജില്ലയിലെ ചെലഗെരി സ്വദേശി നവീൻ ശേഖരപ്പ ഗ്യാന ഗൗഡർ (22) കൊല്ലപ്പെട്ടത് ഷെല്ലാക്രമണത്തിലാണെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം അറിയിച്ചു. 1500ലേറെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും കുടുങ്ങി കിടക്കുന്ന ഖാർകീവിൽ നിന്ന് റഷ്യൻ അതിർത്തി വഴി തങ്ങളെ രക്ഷപ്പെടുത്തണമെന്ന് മലയാളികൾ അടക്കമുള്ളവർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥിയുടെ ദാരുണാന്ത്യം.
ഇതേ തുടർന്ന് ന്യൂഡൽഹിയിലെ വിദേശ മന്ത്രാലയത്തിലേക്ക് റഷ്യൻ, യുക്രെയ്ൻ സ്ഥാനപതിമാരെ വിളിപ്പിച്ച ഇന്ത്യ തങ്ങളുടെ പൗരന്മാർക്ക് സംരക്ഷണം നൽകണമെന്നും അവരെ അതിർത്തിയിൽ സുരക്ഷിതരായി എത്താൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.ഗ്രോസറിയിലേക്ക് പോയ സമയത്ത് നടന്ന ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടതെന്ന് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നവീന്‍റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കളും പഠനത്തിനായി കൊണ്ടുപോയ സ്റ്റുഡന്‍റ് കോൺട്രാക്ടർമാരും നവീനെ തിരിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
നവീന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമോ എന്ന് ചോദിച്ച കുടുംബത്തോട് അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇതൊരു യുദ്ധമുഖമാണെന്നും മൃതദേഹം ഖാർകീവിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
രാവിലെ പത്തര മണിക്ക് സാധനങ്ങൾ വാങ്ങാനായി ഗ്രോസറിയിലേക്ക് പോയ നവീനെ വെടിവെച്ചുകൊന്നുവെന്ന വിവരമാണ് ഖാർകീവിലുള്ള മലയാളികളടക്കമുള്ള വിദ്യാർഥികൾ ആദ്യം നൽകിയത്. വെടിവെച്ചത് റഷ്യയുടെയോ യുക്രെയ്ന്‍റെയോ ഭടന്മാരോ തോക്കു കിട്ടിയ യുക്രൈൻ പൗരന്മാരോ ആണെന്ന് അറിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞിരുന്നു.
നവീൻ പുറത്തിറങ്ങിയപ്പോൾ വെടിയേറ്റുവെന്ന വിവരമാണ് കിട്ടിയതെന്ന് കാർകീവിലെ മലയാളി വിദ്യാർഥി ഷോണും പറഞ്ഞു. ഖാർകീവിലെ ബങ്കറുകളിൽ കഴിഞ്ഞ ആറ് ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന നിരവധി മലയാളി വിദ്യാർഥികൾ ഭക്ഷണവും വെള്ളവും തീർന്നതോടെ ജീവനും കൊണ്ട് അതിർത്തിയിലേക്ക് ഏതെങ്കിലും തരത്തിൽ പലായനം ചെയ്യുകയാണ്.