മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിധിയെ വിമർശിച്ച് നവ്ജ്യോത് സിങ് സിദ്ദു. രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിക്കുകയായിരുന്നു. മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കു സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. വിധിക്കെതിരെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
‘നിയമം ചിലപ്പോഴൊക്കെ ഉറങ്ങുകയാകും, പക്ഷെ അത് ഒരിക്കലും മരിക്കുന്നില്ല. നിങ്ങൾ മാടപ്രാവുകളെ തൂക്കിലേറ്റുകയും കഴുകന്മാരെ വെറുതെവിടുകയും ചെയ്യുന്നു. തെറ്റ് വിളിച്ച് പറയുന്നവർ ഉന്മൂലനം ചെയ്യപ്പെടുകയും തെറ്റുകാർ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. രാഹുൽ ഭരണഘടന മൂല്യങ്ങൾ നിർഭയം ഉയർത്തിപ്പിടിക്കുന്ന വഴികാട്ടിയാണ്. അദ്ദേഹത്തിന്‍റെ ശബ്ദം അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും’-സിദ്ദു ട്വിറ്ററിൽ കുറിച്ചു.
രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോടതി വിധി ശരിവച്ചത്. രാഹുലിനെതിരെ സമാനമായ പരാതികൾ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസിൽ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ജസ്റ്റിസ് ഹേമന്ത് പ്രഛകാണ് വിധി പറഞ്ഞത്. സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും.
മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു നേരത്തേ സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മേയിൽ ഇടക്കാല ഉത്തരവു നൽകാൻ വിസമ്മതിച്ച കോടതി, വേനലവധിക്കു ശേഷം അന്തിമവിധി നൽകുമെന്ന് വ്യക്തമാക്കിയിരുന്നു.
2019 ലോക്‌സഭാ പ്രചാരണത്തിനിടെ കർണാകയിലെ കോലാറിൽ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ബി.ജെ.പി എംഎൽഎയും മുൻ ഗുജറാത്ത് മന്ത്രിയുമായ പൂർണേഷ് മോദി രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുൽ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാർച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.