ദില്ലി : മുപ്പത്തിനാല് വർഷം മുൻപ് റോഡിലെ അടിപിടിയിൽ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദു സുപ്രീംകോടതിയെ സമീപിച്ചു. 34 വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ സുപ്രീംകോടതി സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഉടൻ കോടതിയിൽ കീഴടങ്ങണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
സുപ്രീംകോടതി വിധിയെ മാനിക്കുന്നുവെന്ന് പ്രതികരിച്ച സിദ്ദു ഇന്ന് രാവിലെ പട്യാല കോടതിയില്‍ ഹാജരാകുമെന്ന് സൂചനകളുണ്ടായിരുന്നു. സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ നീക്കം നടത്തിയെങ്കിലും പുനപരിശോധന ഹര്‍ജി വിധിയെ മറികടക്കാനാവില്ലെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ശിക്ഷ നീട്ടിവക്കാനുള്ള ശ്രമം.
സിദ്ദുവിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി കീഴടങ്ങാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചിനോടഭ്യര്‍ത്ഥിച്ചു. ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം കിട്ടിയത്. കോടതി ഇക്കാര്യത്തല്‍ ഇന്ന് തന്നെ നിലപാടെടുത്തേക്കും.