മുസഫർനഗർ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖിക്കും കുടുംബത്തിനും പോക്സോ കേസിൽ ക്ലീൻചിറ്റ്. യുപിയിലെ മുസഫർനഗറിലെ പോക്സോ സ്പെഷൽ കോടതി ജഡ്ജി സഞ്ജീവ് കുമാർ തിവാരിയാണ് സിദ്ധിഖിക്കും കുടുംബത്തിനും ക്ലീൻചിറ്റ് നൽകിയത്.
സിദ്ധിഖി, സഹോദരങ്ങളായ മിനാസുദ്ദീൻ, ഫയാസുദ്ദീൻ, അയാസുദ്ദീൻ, അമ്മ മെഹ്റുന്നിസ എന്നിവർക്കെതിരെയായിരുന്നു കേസ്. 2012ൽ പ്രായപൂർത്തിയാകാത്ത കുടുംബാംഗത്തെ മിനാസുദ്ദീൻ പീഡിപ്പിച്ചുവെന്നാണ് കേസ്. മറ്റു കുടുംബാംഗങ്ങൾ ഇതിനു പിന്തുണ നൽകിയെന്നും പ്രോസിക്യൂഷൻ പറയുന്നു.
മുംബൈയിലെ വെർസോവ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് പിന്നീട് യുപിയിലെ മുസഫർനഗറിലുള്ള ബുധാന പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. പരാതിക്കാധാരമായ സംഭവം നടന്നത് ഇവിടെയായതിനാലാണ് കേസ് ഇങ്ങോട്ടുമാറ്റിയത്. നടനിൽനിന്നു വേർപിരിഞ്ഞു കഴിയുന്ന ഭാര്യ ആലിയ (അഞ്ജന കിഷോർ പാണ്ഡെ) ആണ് പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് ഭർത്താവിന്റെ കുടുംബത്തെ അറിയിച്ചപ്പോൾ മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും ആലിയ പരാതിയിൽ പറയുന്നു.