തിരുവനന്തപുരം ∙ യുവ സംവിധായിക നയനയുടെ 32–ാം ജന്മദിനമാണിന്ന്; നിർഭാഗ്യവശാൽ നാലാം ചരമവാർഷികവും. 2019 ലെ ഇതേദിവസം ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾ കാത്തിരിക്കുമ്പോഴാണ്, നയനയെ മരണം കൊണ്ടുപോയത്. പിന്നീട് ജന്മദിനവും ചരമദിനവും ഒന്നിച്ച് ആചരിക്കേണ്ട ദുർഗതിയിലായ സുഹൃത്തുക്കൾ ഈ ഓർമദിനത്തിൽ കാത്തിരിക്കുന്നതു നയനയുടെ മരണകാരണം അറിയാനാണ്.അന്വേഷണം തുടരുന്ന ക്രൈംബ്രാഞ്ച്, നിർണായക പരീക്ഷണത്തിന് ഒരുങ്ങുകയാണ്. നയനയെ മരിച്ച നിലയിൽ ആദ്യം കണ്ട സുഹൃത്തുക്കളെയും ഫൊറൻസിക് സംഘത്തെയും ഉൾപ്പെടുത്തി മരണരംഗം അതേ മുറിയിൽ പുനരാവിഷ്കരിക്കും. നയനയുടെ മുറിയുടെ കതക് അകത്തുനിന്നു കുറ്റിയിട്ടിരുന്നോയെന്ന് ഉറപ്പിക്കുകയാണു ലക്ഷ്യം. സാക്ഷികളിൽ ഭൂരിഭാഗം പേരും മൊഴി നൽകിയിരിക്കുന്നതു കുറ്റിയിട്ടിരുന്നു എന്നും മുറി ബലം പ്രയോഗിച്ചാണു തുറന്നതെന്നുമാണ്.
പുനരാവിഷ്കാരത്തിലും ഇതു തെളിഞ്ഞാൽ ആത്മഹത്യ എന്ന സാധ്യതയ്ക്കു ബലമേറും. അല്ലെങ്കില്‍ കൊലപാതകത്തിലേക്കും. ശരീരത്തിലെ മുറിവുകളെക്കുറിച്ച്, പോസ്റ്റുമോർട്ടം ചെയ്ത ഡോ. കെ.ശശികലയെ കണ്ട് ചോദിച്ച് ഒരിക്കൽകൂടി വ്യക്തത വരുത്തും. ഇതിനുശേഷം മെഡിക്കൽ ബോർഡും തെളിവുകൾ വിലയിരുത്തുന്നതോടെ മരണകാരണത്തിൽ അന്തിമ നിഗമനത്തിൽ എത്താനാകുമെന്നാണു ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ.