മുംബൈ : പാർട്ടിയെ പിളർത്താനുള്ള നീക്കത്തിന് നേതൃത്വം വഹിച്ച അജിത് പവാറിനെതിരെ നിയമനടപടി സ്വീകരിക്കാൻ എൻസിപി നിയമോപദേശം തേടും. ലോക്നാഥ് ഷിൻഡേ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിതിനെയും കൂറുമാറിയ എംഎൽഎമാരെയും അയോഗ്യരാക്കാനാൻ സ്പീക്കർക്ക് കത്ത് നൽകി. മൂന്നിൽ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമുണ്ടെങ്കിലും മറ്റൊരു പാർട്ടിയിൽ ലയിക്കാതെ അജിത് പവാറിന് അയോഗ്യത പ്രശ്നം മറികടക്കാനാകില്ലെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.പാർട്ടി വർക്കിംഗ് പ്രസിഡന്‍റ് പ്രഫുൽ പട്ടേലിനെതിരെയും നടപടി വന്നേക്കും. അജിത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രഫുൽ പട്ടേൽ സത്യപ്രതിഞ്ജാ ചടങ്ങിനും, പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി ഭാരവാഹിത്തത്തിൽനിന്ന് നീക്കിയേക്കും. മറ്റന്നാൾ ശരദ് പവാർ പക്ഷവും, അജിത് പവാർ പക്ഷവും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്.
അതേ സമയം, മഹാരാഷ്ട്രയിലെ എൻസിപി പിളർപ്പ് വേദനാജനകമെന്നാണ് ശരദ് പവാറിന്റെ മകളും പാർട്ടി നേതാക്കളിലൊരാളുമായ സുപ്രിയ സുലേയുടെ പ്രതികരണം. പാർട്ടിയെ പുനർനിർമിക്കാൻ ശ്രമിക്കും. എല്ലാവരേയും കുടുംബാംഗങ്ങളായാണ് ശരദ്പവാർ കരുതിയതെന്നും സുപ്രിയ സുലേ പറഞ്ഞു.