ന്യൂഡൽഹി: കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനു കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മിഷന്‍. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഒാരോ മൂന്നു മണിക്കൂറിലും ഇടവേള നല്‍കണം. ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തില്‍ ലൈറ്റിങ്ങിനും മേയ്ക്കപ്പിനും വരെ നിയന്ത്രണങ്ങളുണ്ടാകും. കരടു നിര്‍ദേശങ്ങള്‍ക്ക് രണ്ടുമാസത്തിനകം അന്തിമരൂപം നല്‍കി പ്രാബല്യത്തില്‍ വരുത്തുമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പറഞ്ഞു.
സിനിമ, വാര്‍ത്തചാനലുകള്‍, ടിവി പരിപാടികള്‍, സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ് ഫോമുകള്‍ എന്നിവയില്‍ കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനുമാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. മൂന്നുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തില്‍ പങ്കെടുപ്പിക്കരുത്. മുലയൂട്ടല്‍, പ്രതിരോധകുത്തിവയ്പ്പ് എന്നിവയുടെ പ്രചാരണത്തിന് ഇളവുണ്ട്.
കുട്ടികളെ മാനസികമായി സമ്മര്‍ദത്തിലാക്കുന്നതോ, അവഹേളിക്കുന്നതോ ആയ പരിപാടികള്‍ പാടില്ല. കുട്ടികളെ നിര്‍ബന്ധിത കരാറിനു വിധേയരാക്കരുത്. ലൊക്കേഷനില്‍ കുട്ടികളുമായി ഇടപഴകുന്നവര്‍ക്ക് സാംക്രമിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കണം. ഇതിനായി ആരോഗ്യസര്‍ട്ടിഫിക്കറ്റ് വാങ്ങിവയ്ക്കണം. പൊലീസ് വെരിഫിക്കേഷനും നടത്തണം.
ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ അപകടകരമായ ലൈറ്റിങ്ങിനോ, ഹാനികരമായ മേയ്ക്കപ്പിനോ വിധേയരാക്കരുത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഡ്രസിങ് റൂമുകള്‍ വേണം. ആറു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണം പാടില്ല. ഒാരോ മൂന്നു മണിക്കൂറിലൂം ഇടവേള നല്‍കണം. പഠനം തടസ്സപ്പെടാതിരിക്കുകയും ഭക്ഷണം, വെള്ളം എന്നിവ കൃത്യമായി ഉറപ്പാക്കുകയും വേണം.
ലൈംഗിക ചൂഷണം, കുട്ടിക്കടത്ത്, സംഘടിതകുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഇരകളാകുന്ന കുട്ടികളുമായി വാര്‍ത്ത ചാനലുകള്‍ സംസാരിക്കുമ്പോള്‍ അതീവ കരുതല്‍ വേണം. ഇത്തരം വാര്‍ത്തകള്‍ സെന്‍സേഷനലാക്കരുത്. സംസാരിക്കാന്‍ കുട്ടികളെ മാതാപിതാക്കള്‍ നിര്‍ബന്ധിക്കരുത്. കുട്ടികളില്‍ അപഹര്‍ഷതാബോധമുണ്ടാക്കുന്ന പരസ്യങ്ങള്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം.