ന്യൂഡൽഹി: രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന ദിവസക്കൂലിക്കാരുടെ എണ്ണത്തിൽ വൻ വർധനവെന്ന് കണക്കുകൾ. ആകെ ആത്മഹത്യയുടെ നാലിലൊന്നും ദിവസക്കൂലിക്കാരാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
2014ൽ രാജ്യത്തെ ആകെ ആത്മഹത്യയുടെ 12 ശതമാനമായിരുന്നു ദിവസക്കൂലിക്കാരുടെ ആത്മഹത്യ. 1,31,66 പേർ ആത്മഹത്യ ചെയ്തപ്പോൾ 15,735 ദിവസക്കൂലിക്കാരാണ് ജീവനൊടുക്കിയത്. എന്നാൽ, തുടർവർഷങ്ങളിൽ ആത്മഹത്യയുടെ നിരക്ക് വർധിച്ചതിനൊപ്പം ദിവസക്കൂലിക്കാർ ജീവനൊടുക്കുന്ന സംഭവങ്ങളിലും വൻ വർധനവുണ്ടായി.2021ൽ ആകെ ആത്മഹത്യ ചെയ്തവരുടെ 25.06 ശതമാനവും ദിവസക്കൂലിക്കാരാണ്. 1,64,033 പേർ ആത്മഹത്യ ചെയ്തപ്പോൾ അതിൽ 42,004 പേരും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ്.2020ൽ 24.6 ശതമാനവും 2019ൽ 23.4 ശതമാനവുമായിരുന്നു ആത്മഹത്യയിൽ ദിവസവേതനക്കാരുടെ അനുപാതം.
കോവിഡ് ആഘാതം സൃഷ്ടിച്ച 2020, 2021 വർഷങ്ങളിൽ രാജ്യത്ത് ആത്മഹത്യ നിരക്കിൽ വലിയ വർധനവാണ് കാണിക്കുന്നത്. 2020ൽ ആകെ 1,53,052 പേർ മരിച്ചപ്പോൾ, 2021ൽ 1,64,033 പേരാണ് ജീവനൊടുക്കിയത്.ആകെ ആത്മഹത്യയിൽ 2021ൽ മുൻവർഷത്തേക്കാൾ 7.17 ശതമാനം വർധനവുണ്ടായി. എന്നാൽ, ഇക്കാലയളവിൽ ദിവസക്കൂലിക്കാരുടെ ആത്മഹത്യയിൽ 11.52 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്.
കാർഷിക മേഖലയിൽ നിന്നുള്ളവരെ കൂടാതെയുള്ള കണക്കാണിത്. കാർഷിക മേഖലയിലുള്ളവരെ പ്രത്യേക വിഭാഗമായാണ് എൻ.സി.ആർ.ബി പട്ടികപ്പെടുത്തിയത്. 2021ൽ കാർഷികമേഖലയിൽ 10,881 ആത്മഹത്യയാണുണ്ടായത്.സ്വയംതൊഴിൽ ചെയ്യുന്നവരുടെ ആത്മഹത്യയിലാണ് ഏറ്റവും വലിയ വർധനവുണ്ടായത്, 16.73 ശതമാനം. 2020ൽ 17,332 പേർ ആത്മഹത്യ ചെയ്തപ്പോൾ 2021ൽ ഇത് 20,231 ആയി വർധിച്ചു.
ആകെ ആത്മഹത്യയുടെ 14.1 ശതമാനമാണ് വീട്ടമ്മമാർ. 2020നെ അപേക്ഷിച്ച് 3.6 ശതമാനം വർധനവാണ് 2021ലുണ്ടായത്.
അതേസമയം, തൊഴിൽരഹിതരുടെ ആത്മഹത്യയിൽ കുറവുണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്. 12.38 ശതമാനത്തിന്‍റെ കുറവാണ് 2021ലുണ്ടായത്. 2020ൽ 15,652 തൊഴിൽരഹിതർ ആത്മഹത്യ ചെയ്തപ്പോൾ, 2021ൽ ഇത് 13,714 ആയി കുറയുകയാണുണ്ടായത്. ആത്മഹത്യ നിരക്കിൽ കുറവ് കാണിച്ച ഒരേയൊരു വിഭാഗവും തൊഴിൽ രഹിതരുടേതാണ്.