ദില്ലി : ജനങ്ങളുടെ നട്ടെല്ലൊടിച്ച് ദിവസേനെ കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ എൻഡിഎയിലും പ്രതിഷേധം. വില വർധന പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ഇന്ധന വില ഇത്തരത്തിൽ ദിവസേനെയെന്നോണം കുതിച്ചുയർന്നാൽ ജനവികാരം എതിരാകുമെന്നും ഇനിയും തെരഞ്ഞെടുപ്പുകൾ മുന്നിലുണ്ടെന്നോർക്കണമെന്നും ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചു. എൻഡിഎ സർക്കാർ നിരവധി ജനക്ഷേമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ധനവില വർധന ജനങ്ങളുടെ നടുവൊടിക്കുന്നതാണ്. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിനത് കാരണമാകുന്നു. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോയാൽ വലിയ പ്രതിഷേധത്തിനത് കാരണമായേക്കും. എൻഡിഎ സർക്കാർ ഇന്ധനവില വർധനയെ വളരെ ഗൌരവത്തിൽ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ധനവില വർധന പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലുമുയർത്തിയെങ്കിലും ചർച്ചക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നിരുന്നാലും വിലക്കയറ്റം ഇന്നും പാര്‍ലമെന്‍റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അടിയന്തര പ്രമേയത്തിന് ലോക് സഭയിൽ കോൺഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇന്ധന, പാചക വാതക വില വര്‍ധനക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവതരണാനുമതി നല്‍കിയിരുന്നില്ല. സഭ നിര്‍ത്തി വച്ച് അവശ്യമരുന്നുകളുടെ വിലക്കയറ്റമടക്കം ചര്‍ച്ച ചെയ്യണമെന്ന് രാജ്യസഭയിലും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. അതേ സമയം, വിലക്കയറ്റ മുക്ത ഭാരതം പ്രചാരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഇന്ന് തുടര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.