ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. സഖ്യത്തിന് ശ്രമിച്ച് ജനവിധിയെ അപമാനിക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നമ്മൾ നന്നായി, ഐക്യത്തോടെ, ദൃഢനിശ്ചയത്തോടെ പോരാടി. ജനവിധി മോദിയെയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ സമീപനത്തെയും വ്യക്തിപരമായ ശൈലിയെയും വ്യക്തമായി എതിർക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയും ധാർമിക പരാജയവുമാണ്. സഖ്യത്തിന് ശ്രമിച്ച് ജനവിധിയെ അവഗണിക്കുന്നു’ -ഖാർഗെ പറഞ്ഞു.
ഡൽഹിയിൽ ഖാർഗെയുടെ വസതിയിലാണ് യോഗം നടക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശരദ് പവാർ, എം.കെ. സ്റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ്, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായി നിതീഷ് കുമാർ, ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു എന്നിവരെ ഇൻഡ്യ സഖ്യത്തിലെത്തിക്കാനുള്ള നീക്കം നടക്കാതെ വന്നതോടെ സർക്കാർ രൂപവത്കരണ ശ്രമങ്ങൾ പരാജയപ്പെട്ടു.
അതേസമയം, എൻ.ഡി.എ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്തു. സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ നേതാക്കൾ കാണും. ശനിയാഴ്ച മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. സർക്കാറിനുള്ള പിന്തുണക്കത്ത് കൈമാറുമെന്ന് നിതീഷും ചന്ദ്രബാബു നായിഡുവും അറിയിച്ചു. ശിവസേന ഷിൻഡെ വിഭാഗം പിന്തുണക്കത്ത് കൈമാറി.
കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഒറ്റക്ക് ഭൂരിപക്ഷം നേടിയ ബി.ജെ.പി ഇത്തവണ 240 സീറ്റുകളിലേക്ക് ചുരുങ്ങിയതോടെയാണ് സർക്കാർ രൂപവത്കരിക്കാൻ മറ്റു പാർട്ടികളുടെ പിന്തുണ നിർണായകമായത്. സഖ്യ കക്ഷികളുടെ വിലപേശൽ വരുംദിവസങ്ങളിൽ ബി.ജെ.പിക്ക് തലവേദനയാകും. നേരത്തെ മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ സർക്കാർ രാജിവെച്ചിരുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.