ഇടുക്കി: നെടുങ്കണ്ടത്ത് ജനവാസ മേഖലയിൽ തെരുവ് നായ്ക്കൾക്ക് വന്ധ്യംകരണ കേന്ദ്രം തുങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നെടുങ്കണ്ടം മൈനര്‍സിറ്റിയിലെ ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തിലാണ് കേന്ദ്രം ഒരുക്കുന്നത്. നെടുങ്കണ്ടം, ഇടുക്കി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് സംരക്ഷിക്കുന്നതിനാണ് മൈനർ സിറ്റിയിൽ കേന്ദ്രം തുടങ്ങുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ പഞ്ചായത്ത് വ്യവസായ പാര്‍ക്കിനായി നിര്‍മ്മിച്ച കെട്ടിടമാണ് ഇതിനായി കണ്ടെത്തിയത്. സമീപത്ത് നിരവധി വീടുകളുണ്ട്. നായ്ക്കളുടെ ബഹളവും ദുര്‍ഗന്ധവും സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുമെന്നാണ് പ്രദേശവാസികളുടെ പരാതി. വ്യവസായ പാര്‍ക്കിനായി പ്രദേശവാസിയായ ശശി കുരുവിക്കാടാണ് സൗജന്യമായി ഭൂമി വിട്ടു നല്‍കിയത്. ലക്ഷങ്ങള്‍ മുടക്കി നിർമ്മിച്ച കെട്ടിടം വർഷങ്ങളായി വെറുതെ കിടക്കുയാണ്.
വന്ധ്യംകരണ കേന്ദ്രം തുടങ്ങാനുള്ള തീരുമാനവുമായി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടു പോയാൽ സമരം തുടങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. തെരുവ്‌നായ സംരക്ഷണ കേന്ദ്രം സ്ഥാപിക്കരുതെന്ന് ആവശ്യപ്പെട്ട്, പ്രദേശവാസികള്‍ ജില്ലാ കളക്ടര്‍ക്കും, ത്രിതല പഞ്ചായത്ത് പ്രസിഡൻറുമാർക്കും നിവേദനം നല്‍കിയിട്ടുണ്ട്.