ദില്ലി: പാരിസ് ഒളിംപിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒന്നരക്കോടി രൂപയാണ് നീരജ് പ്രതിഫലത്തില്‍ വര്‍ധിപ്പിച്ചത്. പരിക്കുമായി മത്സരിച്ചിട്ടും 89.45 മീറ്റര്‍ ദൂരത്തോടെയാണ് നീരജ് ചോപ്ര പാരിസ് ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്.
ഇത് നാലരക്കോടി രൂപയായി ഉയര്‍ത്തി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്. 21 ബ്രാന്‍ഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡല്‍ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടന്‍ പരസ്യ കരാറിലെത്തും. ഈവര്‍ഷം അവസാനിക്കും മുന്നേ നീരജ് 34 കന്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തില്‍ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാന്‍ നീരജിനാവും. ഇതിനിടെ വ്യാഴാഴ്ചത്തെ ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് നീരജ് വ്യക്തമാക്കി. നേരത്തേ, പുറത്തിറക്കിയ പട്ടികയില്‍ നീരജിന്റെ പേരില്ലായിരുന്നു.
അതേസമയം, ജര്‍മനിയിലാണ് നീരജ് ഇപ്പോഴുള്ളത്. ഒളിംപിക്‌സിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നീരജ് ജര്‍മനിയിലേക്ക് പോവുകയായിരുന്നു. നേരത്തേ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിംപിക്സ് മുന്നില്‍കണ്ട് നീരജ് ചികിത്സ വൈകിപ്പിക്കുക ആയിരുന്നു. മാത്രമല്ല, ഇത്തവണ പല മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ ജാവലിന്‍ ത്രോ ഫൈനലിലെ നീരജിന്റെ ആറ് അവസരങ്ങളില്‍ അഞ്ചും ഫൗളായി. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ജൂണില്‍ തന്നെ നീരജ് സൂചിപ്പിച്ചിരുന്നു. ഒളിംപിക്സിന് ശേഷം ഇത് ഉപ്പിക്കുകയും ചെയ്തു.