പാരീസ്: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്‌സിലും ജാവലില്‍ ത്രോയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡലാണ് നീരജ് നേടിയത്. നിലവിലെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിനെ പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷദ് നദീമിനായിരുന്നു സ്വര്‍ണം. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്.
പിന്നാലെയാണ് നീരജിനെ പ്രകീര്‍ത്തിച്ച് മോദി രംഗത്തെത്തിയത്. ”നീരജ് ചോപ്ര മികച്ച വ്യക്തിത്വമാണ്! അവന്‍ വീണ്ടും തന്റെ മിടുക്ക് കാണിച്ചു. വീണ്ടുമൊരു ഒളിംപിക് വിജയവുമായി അദ്ദേഹം തിരിച്ചെത്തിയതില്‍ ഇന്ത്യ ആഹ്ലാദിക്കുന്നു. വെള്ളി നേടിയ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. വരാനിരിക്കുന്ന എണ്ണമറ്റ അത്ലറ്റുകള്‍ക്ക്, അവരുടെ സ്വപ്നങ്ങള്‍ പിന്തുടരുന്നതിന് അദ്ദേഹം തുടര്‍ന്നും പ്രചോദനമാവട്ടെ.” മോദി കുറിച്ചിട്ടു.
മത്സരത്തില്‍ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. അതേസമയം, തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു.
ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്‌സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ പാകിസ്ഥാന്റെ ആദ്യ മെഡല്‍ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്.