റിയാദ്: നീണ്ട കാത്തിരിപ്പിനും സമ്മർദങ്ങൾക്കുമൊടുവിൽ സൗദി അറേബ്യയിലും നീറ്റ് പരീക്ഷക്ക് കേന്ദ്രം. അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയുടെ സൗദിയിലെ കേന്ദ്രമായി റിയാദിനെ തെരഞ്ഞെടുത്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനമിറക്കി. സർക്കാർ സ്വകാര്യ കോളജുകളിൽ മെഡിക്കൽ, ഡെൻറൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടി നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്).
റിയാദിൽ ഏതാനും വർഷങ്ങൾ സുഗമമായി നടന്ന പരീക്ഷ സ്‌മൃതി ഇറാനി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർത്തിവെച്ചത്. തുടർന്ന് വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകരും രക്ഷിതാക്കളും പരീക്ഷ സെന്‍ററിന് വേണ്ടി നിരന്തരം ആവശ്യപ്പെടുകയായിരുന്നു. വളരെ പ്രയാസങ്ങൾ നേരിട്ടാണ് കുട്ടികളും രക്ഷിതാക്കളും നാട്ടിൽ പോയി പരീക്ഷയിൽ പങ്കെടുത്തിരുന്നത്.
എന്നാൽ കോവിഡ് കാലത്ത് യാത്രാവിലക്കും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടപ്പോൾ ആ വഴിയടയുകയും നിരവധി പേർക്ക് മെഡിസിൻ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. മറ്റ് ഗൾഫ് നാടുകളിൽ പോയിവരിക അതീവ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന ഒന്നായിരുന്നു. ഒട്ടുമിക്ക കുടുംബങ്ങൾക്കും അത് താങ്ങാവുന്നതായിരുന്നില്ല. വൈകിയെങ്കിലും അനുമതി ലഭിച്ചതിൽ വിദ്യാർഥികളും രക്ഷിതാക്കളും ഏറെ ആഹ്ലാദത്തിലാണ്. എന്നാൽ ഭൂമിശാസ്ത്രപരമായി അതിവിശാലമായ സൗദി അറേബ്യയിൽ ദമ്മാമിലും ജിദ്ദയിലും കൂടി പരീക്ഷാകേന്ദ്രം വന്നാലെ ആവശ്യങ്ങൾക്ക് പൂർണമായ പരിഹാരം ഉണ്ടാവൂ. സൗദിയിലെ വിവിധ പ്രവിശ്യകളിലുള്ളവർക്ക് റിയാദിൽ എത്തിച്ചേരുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും.
ഗൾഫിൽ യു.എ.ഇയിലെ മൂന്ന് സെന്‍ററുകൾ അടക്കം എട്ട് സെന്‍ററുകളാണ് പുതുതായി അനുവദിച്ചതായി വിജ്ഞാപനത്തിലുള്ളത്. ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും പുതിയ കേന്ദ്രങ്ങളുണ്ട്. ജൂലൈ 22 ന് ഞായറാഴ്ചയാണ് പുതിയ പരീക്ഷാ തിയതി. ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ 5.20 വരെയായിരിക്കും പരീക്ഷ സമയം.