ന്യൂഡല്‍ഹി: മെഡിസിനില്‍ അടക്കം വിവിധ കോഴ്‌സുകളില്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് ആറുവരെ. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിന്റെ (എന്‍ബിഇഎംഎസ്) ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in. ല്‍ കയറി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 23ന് ആണ് പരീക്ഷ. മെയ് 10 മുതല്‍ 16 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ജൂണ്‍ ഏഴുമുതല്‍ പത്തുവരെ അപേക്ഷയില്‍ അന്തിമമായി തിരുത്തല്‍ വരുത്താനും സാധിക്കും. ഡോക്ടര്‍ ഓഫ് മെഡിസിനിലെ 20,000 സീറ്റുകളില്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കാണ് പ്രവേശനം. മാസ്റ്റര്‍ ഓഫ് സര്‍ജറിയില്‍ 10,000 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. ജൂണ്‍ 18 ഓടേ എന്‍ബിഇഎംഎസ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചേക്കും. ജൂലൈ 15നാണ് ഫലം പ്രസിദ്ധീകരിക്കുക.
ജനറല്‍, ഒബിസി വിഭാഗത്തിന് 3500 രൂപയാണ് ഫീസ്. പ്രവേശന പരീക്ഷ എഴുതാന്‍ എസ് സി, എസ് ടി വിഭാഗത്തില്‍ നിന്ന് 2500 രൂപയാണ് ഫീസായി ഈടാക്കുക. എംബിബിഎസ് ബിരുദമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത. പരീക്ഷയില്‍ 200 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ് ചോദിക്കുക. നാലു ഓപ്ഷനുകളാണ് നല്‍കുക. മൂന്ന് മണിക്കൂര്‍ 30 മിനിറ്റ് ആണ് പരീക്ഷാ സമയം. പരീക്ഷയ്ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.