ദില്ലി : നീറ്റ് പിജി കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. നാളത്തെ പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ചക്ക് ശേഷമാകും നീറ്റ് കേസ് പരിഗണിക്കുക. മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു. സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് പുനഃപരിശോധിക്കണം എന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. വരുമാന പരിധി ഈ വര്‍ഷത്തേക്ക് പുനഃപരിശോധിക്കാനാകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. മാനദണ്ഡങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു
എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്. ഒബിസി ക്രമീലെയറിന്റെ സാമ്പത്തിക സംവരണത്തിന് ഒരേ മാനദണ്ഡം എങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചിരുന്നു. നാല് ആഴ്ചത്തെ സാവകാശം ചോദിച്ച കേന്ദ്രം ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയിലും മാറ്റം വേണ്ടെന്നതടക്കം 90 പേജുള്ള റിപ്പോര്‍ട്ടാണ് സമിതി തയ്യാറാക്കിയത്. മുന്നാക്ക സംവരണത്തില്‍ തീരുമാനം ആകുന്നത് വരെ മെഡിക്കല്‍ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടര്‍മാരുടെ വലിയ പ്രതിഷേധത്തിനാണ് ദില്ലിയും കേരളവുമെല്ലാം സാക്ഷ്യം വഹിച്ചത്.