ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് സി.പി.ഐ, സി.പി.എം പാർട്ടികളുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് എ. രേവന്ത്. ഇടതു പാർട്ടികൾ കോൺഗ്രസിന്റെ സുഹൃത്തുക്കളാണെന്നും ദേശീയ നേതൃത്വവും പ്രദേശ് കോൺഗ്രസ് കമിറ്റിയും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും രേവന്ത് വ്യക്തമാക്കി.
കോൺഗ്രസുമായുള്ള ചർച്ച പരാജയപ്പെട്ടതിനാൽ തെലങ്കാനയിൽ സി.പി.എം 17 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് തെലങ്കാന കോൺഗ്രസ് നേതാവിന്റെ പ്രതികരണം. രണ്ടുവിഭാഗങ്ങൾക്കിടയിലും ചില ധാരണ പ്രശ്നങ്ങളുണ്ട്. എന്നാൽ സീറ്റ് വിഭജന ചർച്ച അവസാനിച്ചുവെന്ന് കരുതുന്നില്ല. ഹൈക്കമാൻഡും പി.സി.സിയും ചർച്ച തുടരുകയാണ്.-രേവന്ത് പറഞ്ഞു. പ്രാദേശിക തലത്തിൽ ആർക്കും സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നും അത് മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുനുഗോഡ് ഉപതെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ബി.ആർ.എസുമായി സഖ്യം ചേർന്നത് കോൺഗ്രസിനെ പ്രകോപിപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാന മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിനെ ക്രിമിനൽ രാഷ്ട്രീയക്കാരൻ എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. 10 കൊല്ലമായി തെലങ്കാന ഭരിക്കുകയാണെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും കോൺഗ്രസ് ആരോപിച്ചു.