ദില്ലി: നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎൽ, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ, കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.കഴിഞ്ഞ ജൂണില്‍ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി മാറ്റുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്.
ദില്ലിയിലെ ചരിത്രപ്രസിദ്ധമായ തീൻ മൂർത്തി ക്യാംപസിനുള്ളിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1964 നവംബർ 14ന്, നെഹ്റുവിന്റെ 75-ാം ജന്മവാർഷികത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 1948 ഓഗസ്റ്റ് മുതൽ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിലാണ് ഇതു പുനർനിർമിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കഴിഞ്ഞ ജൂണില്‍ പേരുമാറ്റത്തിനുള്ള തീരുമാനമെടുത്തത്. പേര് മാറ്റാനുള്ള തീരുമാനം യോഗത്തില്‍ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്യുകയായിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, അനുരാഗ് താക്കൂര്‍ എന്നിവരടക്കം 29 പേരാണ് സൊസൈറ്റിയിലെ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. സ്വന്തം ചരിത്രമില്ലാത്തതിനാൽ മറ്റുള്ളവരുടെ ചരിത്രം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തീരുമാനം പ്രഖ്യാപിച്ചയുടൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെ ആരോപിച്ചിരുന്നു.