ആലപ്പുഴ: പുന്നമട കായലില്‍ ആവേശത്തിരയിളക്കിനെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം. ആയിരക്കണക്കിന് കാണികളെ സാക്ഷിയാക്കി പോരാട്ടത്തിന് ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി ജലമേള ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥ തിരിച്ചടിയായി. അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. 69-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കാണ് നാട് സാക്ഷ്യം വഹിക്കുന്നത്. ഒന്‍പതു വിഭാഗങ്ങളിലായി പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ ജലമേളയില്‍ പങ്കെടുക്കുന്നത്. നാല് ട്രാക്കുകളിലായാണു വള്ളങ്ങള്‍ മത്സരിക്കുന്നത്. ഫൈനല്‍ മത്സരങ്ങള്‍ വൈകിട്ട് 4 ന് തുടങ്ങും.