ജോർജിയയിൽ 11 വയസ്സുകാരന് നേരെ വേട്ടപ്പട്ടികളുടെ കൂട്ട ആക്രമണം. ആക്രമണത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ തലയോട്ടിയുടെ 70 ശതമാനം ഭാഗവും വേട്ടപ്പട്ടികൾ കടിച്ചുകീറി. കൊളംബിയ കൗണ്ടിയിലെ ആപ്ലിംഗിലെ ജസ്റ്റിൻ ഗിൽസ്‌ട്രാപ്പ് എന്ന 11 -കാരനാണ് വേട്ടനായ്ക്കളുടെ കൂട്ടആക്രമണത്തിന് ഇരയായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വീടിനു പുറത്തുകൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടയിലാണ് അയൽവാസിയുടെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കൾ കുട്ടിയെ വേട്ടയാടിയത്.
സൈക്കിൾ ഓടിക്കുന്നവരെ പിന്നാലെ ഓടി പിടികൂടുന്നത് നായ്ക്കളുടെ വിനോദമാണെന്ന് കുട്ടിയുടെ അയൽവാസി കൂടിയായ നായ്ക്കളുടെ ഉടമ സമ്മതിച്ചു. സൈക്കിൾ ഓടിച്ചു കൊണ്ടിരുന്ന കുട്ടിയുടെ പിന്നാലെ പാഞ്ഞെത്തിയ നായ്ക്കൾ അവൻറെ കാലിനു പിടിച്ചു വലിച്ച് സമീപത്തെ ഒരു കുഴിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് അവിടെ വച്ചാണ് മൂന്ന് നായ്ക്കളും ചേർന്ന് കുട്ടിയെ അതിക്രൂരമായി കടിച്ചു കീറിയത്. നിരവധി തവണ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് കുതറിയോടാൻ കുട്ടി ശ്രമിച്ചു എങ്കിലും സാധിക്കാതെ വരികയായിരുന്നു. ആക്രമണത്തിൽ തലയോട്ടിയുടെ ഭാഗങ്ങൾ, ചെവി, കണ്ണ്, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം വളരെ ഗുരുതരമായ രീതിയിൽ നായ്ക്കൾ മാംസം കടിച്ചു കീറിയിട്ടുണ്ട്.
എല്ലാ കുട്ടികളെയും പോലെ തന്നെ തന്റെ മകനും സൈക്കിളോടിച്ചു കളിക്കാൻ വളരെ ഇഷ്ടമായിരുന്നെന്നും അതുകൊണ്ടാണ് അവൻ പുറത്തിറങ്ങിയതെന്നും കുട്ടിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. മുമ്പും അയൽവാസിയുടെ നായ്ക്കളിൽ നിന്നും ആക്രമണം നേരിട്ടിട്ടുണ്ടെന്നും അന്ന് അത് അധികാരികളെ അറിയിച്ചിരുന്നു എന്നും അവർ വ്യക്തമാക്കി.
കുട്ടിയെ നായ്ക്കൾ ആക്രമിക്കുന്ന കാര്യം വീട്ടുകാർ ആരും അറിഞ്ഞിരുന്നില്ല. കുട്ടിയുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുന്നില്ല എന്ന് ഉറപ്പായപ്പോഴാണ് നായ്ക്കൾ ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്. ഏതാനും സമയത്തിന് ശേഷമാണ് വീടിനു സമീപത്തെ റോഡിനോട് ചേർന്നുള്ള കുഴിയിൽ മൃതപ്രാണനായി കിടക്കുന്ന കുഞ്ഞിനെ ബന്ധുക്കളിൽ ഒരാൾ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാരുടെ കഠിന പരിശ്രമത്തിന്റെ ഭാഗമായി അവൻറെ ജീവൻ പിടിച്ചുനിർത്താൻ സാധിച്ചെങ്കിലും കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥ പിന്നിട്ടിട്ടില്ല.
കുട്ടിയുടെ ആശുപത്രി ചെലവുകൾക്കായി പണം സമാഹരിക്കുന്നതിനായി ആരംഭിച്ച ഒരു ഫേസ്ബുക്ക് പേജിൽ അവൻറെ അമ്മ എഴുതിയത് ഇങ്ങനെയാണ്: എൻറെ മകൻറെ തലയോട്ടിയുടെ 70% -വും നഷ്ടമായിട്ടുണ്ട്. അവൻറെ ഒരു ചെവി പൂർണ്ണമായും നായ്ക്കൾ കടിച്ചു പറിച്ചു. കാലിലെ മാംസം കടിച്ചെടുത്ത ഭാഗം ഇപ്പോഴും വലിയൊരു ദ്വാരമായി കിടക്കുകയാണ്. കോമയിൽ ആയിരുന്ന അവൻ ഞായറാഴ്ചയാണ് ഉണർന്നത്. ഒരു ഉറക്കത്തിൽ നിന്ന് എന്ന പോലെ ഉണർന്ന് അവൻ ഉറക്കെ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചത് അവൻറെ സൈക്കിളിനെ കുറിച്ചും ബൂട്ടുകളെ കുറിച്ചും ആയിരുന്നു. അവയെല്ലാം എനിക്ക് മാറ്റി വാങ്ങി നൽകാൻ സാധിക്കും. പക്ഷേ, എൻറെ മകൻ അങ്ങനെയല്ലല്ലോ? ഇപ്പോഴും അവൻ ഗുരുതരാവസ്ഥയിൽ തന്നെയാണ്.
ആക്രമണകാരികളായ പിറ്റ് ബുള്ളുകളെ ആനിമൽ കൺട്രോൾ വിഭാഗം പിടികൂടി. കൂടാതെ നായ്ക്കളുടെ ഉടമയായ ബർട്ട് ബേക്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മുമ്പും ഇയാളുടെ വളർത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി പരാതികൾ ഇയാൾക്കെതിരെ സമീപവാസികളിൽ നിന്നും ഉണ്ടായിട്ടുണ്ട്.