കോഴിക്കോട്: കക്കോടി വില്ലേജിലെ പടിഞ്ഞാറ്റുമുറിയിലെ സ്വകാര്യ വ്യക്തിയുടെ വീടിന് അപകട ഭീഷണിയായ മതിൽ പൊളിച്ചു നീക്കാൻ ജില്ല കലക്ടർ തഹസിൽദാർക്ക് ഉത്തരവ് നൽകി. അയൽവാസിയുടെ മതിലാണ് അപകട ഭീഷണി സൃഷ്ടിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ പൊളിക്കാൻ നിർദേശം നൽകിയത്.
നേരത്തെ ഈ മതിൽ പുനർനിർമിക്കാൻ ഉത്തരവ് നൽകിയിരുന്നു. എന്നാൽ മതിലിൻ്റെ ഉടമയായ അയൽവാസി ഉത്തരവ് അനുസരിക്കുവാൻ തയാറാവാത്ത സാഹചര്യത്തിലാണ് പൊളിച്ചു നീക്കാൻ തീരുമാനിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മതിൽ ഏത് നിമിഷവും ഇടിഞ്ഞുവീണ് പരാതിക്കാരിയുടെ വീടിനും വീട്ടിലുള്ളവർക്കും അപകടം സംഭവിക്കാമെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് ചെയ്തിരുന്നു.
മതിൽ പൊളിച്ചു നീക്കാൻ ആവശ്യമായ സാങ്കേതിക സഹായം നൽകാൻ കക്കോടി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെ ചുമതലപ്പെടുത്തി. മതിൽ പൊളിച്ചു നീക്കുന്നതിനാവശ്യമായ ചെലവ് ഉടമയായ അയൽവാസിയിൽനിന്ന് പിന്നീട് ഈടാക്കേണ്ടതാണെന്നും കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.