അഹമ്മദാബാദ് : വിക്കറ്റ് വേട്ടയില്‍ മുന്നിലുള്ള മുഹമ്മദ് ഷമിയോ റണ്‍വേട്ടയില്‍ മുന്നിലുള്ള വിരാട് കോലിയോ ? ആരാകും ലോകകപ്പിലെ താരം. ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇവരാരുമല്ല ടൂര്‍ണമെന്റിലെ താരമെന്ന് പറയുകയാണ് ഓസീസ് മുന്‍ ഓപ്പണര്‍ മാത്യൂ ഹെയ്ഡന്‍. 711 റണ്‍സാണ് കോലിയുടെ അക്കൗണ്ടില്‍. ആറ് മത്സരം കളിച്ച ഷമിക്ക് 23 വിക്കറ്റുകളുണ്ട്. ഇവര്‍ തന്നെയാണ് ടൂര്‍ണമെന്റിലെ താരമാകാനുള്ള സാധ്യതാ പട്ടികയില്‍ മുന്നിലുള്ള രണ്ട് പേര്‍. എന്നാല്‍ ഇവര്‍ രണ്ടുപേരുമല്ല ടൂര്‍ണമെന്റിലെ താരമെന്ന് പറയുകയാണ് മുന്‍ ഓസീസ് ഓപ്പണര്‍. ഇന്ത്യന്‍ ഇന്നിംഗ്‌സിന് തിരികൊളുത്തുന്ന രോഹിത് ശര്‍മ്മയാണ് ഹെയ്ഡന്റെ താരങ്ങളിലെ താരം. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്ന് 550 റണ്‍സ് സമ്പാദ്യം. നേതൃമികവ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇംപാക്ട് ഇന്നിംഗ്‌സിലും വലുത് മറ്റൊന്നില്ലെന്നും ഹെയ്ഡന്‍. ഇന്ത്യന്‍ ബാറ്റിംഗിന് അടിത്തറയിടുന്നത് രോഹിത്താണെന്നും കോലിക്കും ശ്രേയസ് അയ്യര്‍ക്കും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് ചെയ്യാന്‍ സഹായിക്കുന്നത് രോഹിത് നല്‍കുന്ന തുടക്കമാണെന്നും ഹെയ്ഡ്ന്‍ പറയുന്നു.