കാഠ്മണ്ഡു ∙ നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരിൽ പത്തനംതിട്ടയിൽനിന്ന് മടങ്ങിയ മൂന്ന് നേപ്പാള്‍ സ്വദേശികളും. രാജു ടക്കൂരി, റബിൻ ഹമാൽ, അനിൽ ഷാഹി എന്നിവരാണ് മരിച്ചത്. നേപ്പാളിൽ സുവിശേഷകനായിരുന്ന പത്തനംതിട്ട ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവരടക്കമുള്ള അഞ്ചംഗ സംഘം.മടക്കയാത്രയില്‍ സംഘത്തിലെ ദീപക്ക് തമാഹ്, സരൺ എന്നിവർ കാഠ്മണ്ഡു വിമാനത്താവളത്തിൽ ഇറങ്ങി. മറ്റു മൂന്നുപേരും പൊഖാറയിലേക്ക് പോകവേയായിരുന്നു അപകടം. 45 വർഷത്തോളം നേപ്പാളിൽ സുവിശേഷകനായിരുന്ന മാത്യു ഫിലിപ്പിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചുപേരും എത്തിയത്.
ഞായറാഴ്ച രാവിലെ 10.33ന് അഞ്ച് ഇന്ത്യക്കാർ അടക്കം 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. വീണതിനു പിന്നാലെ വിമാനം തീപിടിച്ചു. ഇതുവരെ 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.