ലുംബിനി: ഇന്ത്യാ – നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയിൽ ബുദ്ധ പൂർണ്ണിമ ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും നേപ്പാളും ആറ് കരാറുകളിൽ ഒപ്പിട്ടു.
ബുദ്ധ പൂർണ്ണിമ ദിനത്തിൽ ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എത്തിയത്. മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ മോദി ബൗദ്ധ വിഹാരത്തിൽ ഇന്ത്യ നിർമ്മിക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തിനും തറക്കല്ലിട്ടു. ബുദ്ധനെ പോലെ ശ്രീരാമനും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നു എന്ന് മോദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദെയ്ബയുമായി ചർച്ച നടത്തിയ മോദി ഇരു രാജ്യങ്ങൾക്കുമിടയിലെ റെയിൽ പാത നിർമ്മാണത്തിന്‍റെ പുരോഗതി വിലയിരുത്തി. വിദ്യാഭ്യാസം, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലാണ് രണ്ടു രാജ്യങ്ങളും ഒപ്പു വച്ചത്.
ബൗദ്ധ സാംസ്ക്കാരിക കേന്ദ്രം ലുംബിനിയിൽ തുറക്കാൻ ഇന്ത്യ 30 വർഷമായി ശ്രമിക്കുകയാണ്. പല രാജ്യങ്ങൾക്കും അനുമതി നല്കിയ നേപ്പാൾ ഇതുവരെ ഇന്ത്യയ്ക്ക് സ്ഥലം നല്തിയിരുന്നില്ല. നരേന്ദ്രമോദി സർക്കാർ വന്ന ശേഷം ഇക്കാര്യത്തിലുള്ള നീക്കം ഊർജ്ജിതമാക്കി. ലുംബിനിയിലെ ബുദ്ധവിഹാരത്തിൽ ബാക്കി കിടന്ന രണ്ടു സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയ്ക്ക് നല്കിയത്. അതിർത്തിയിലെ തർക്കം ഉൾപ്പടെ പരിഹരിക്കാൻ അടുത്തിടെയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്.