ദില്ലി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ജനുവരി 23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. നേതാജിയുടെ ജന്മവാര്ഷിക ദിവസമാണ് ജനുവരി 23. ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന, നേതാജിയുടെ മഹാ പ്രതിമ പൂര്‍ത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. പ്രതിമയ്ക്ക് 6 അടി വീതിയും ഉണ്ടായിരിക്കും. ഇന്ത്യാഗേറ്റിലാണ് പ്രതിമ നിര്‍മ്മിക്കുന്നത്. 125ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഹോളോഗ്രാം പ്രതിമ ഒരുക്കിയിരിക്കുന്നത്. 1897 ജനുവരി 23നായിരുന്നു നേതാജിയുടെ ജനനം.