തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്‌ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. ലീഗിനെ ക്ഷണിച്ച ആളുകളുടെ തലക്ക് സുഖമില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുധാകരൻ പറഞ്ഞു. മുസ്‌ലിം ലീഗ് പോകുമെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിച്ചിട്ടില്ല. ക്ഷണിച്ച ആളുകൾക്ക് തലക്ക് സുഖമില്ലാത്തതുകൊണ്ട് ക്ഷണിച്ചതാണ് മുസ്‌ലിം ലീഗിനെ. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് എത്ര വർഷത്തെ രാഷ്ട്രീയ പാരമ്പര്യമുണ്ട് യു.ഡി.എഫിനൊപ്പം. കിരാതമായ ഭരണം നടത്തുന്ന സി.പി.എമ്മിന്‍റെ കൂടെ ഒരുമിച്ച് പോകാൻ മുസ്‌ലിം ലീഗ് തയാറാകില്ലെന്ന് ഞങ്ങൾക്കറിയാം. മുസ്‌ലിം ലീഗിന്‍റെ ആത്മാർത്ഥതയെ ഞങ്ങൾ ബഹുമാനിക്കുന്നവരാണ്, ആദരിക്കുന്നവരാണ്, ഉൾകൊള്ളുന്നവരാണ്. അത് യു.ഡി.എഫ് ഉള്ള കാലം വരെയും നിലനിൽക്കും -കെ. സുധാകരൻ പറഞ്ഞു.
അതേസമയം, മുസ്‌ലിം ലീഗിന്‍റെ പിന്നാലെ നടന്ന് സി.പി.എം നാണംകെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പരിഹസിച്ചു. ലീഗിന്റെ തീരുമാനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന് അക്കാര്യത്തില്‍ സംശയമുള്ള ചിലര്‍ക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സി.പി.എം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നതെന്നും സതീശൻ ചോദിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങള്‍ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തില്‍ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവില്‍ കോഡ് സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിച്ചിരുന്നു. പരിപാടി നല്ലതാണെന്നും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് പങ്കെടുക്കില്ലെന്നും ലീഗ് കൃത്യമായ മറുപടി നല്‍കിയിരുന്നു. വീണ്ടും കോണ്‍ഗ്രസിനെ വിളിക്കാത്ത പരിപാടിക്ക് ലീഗിനെ വിളിക്കാന്‍ പോയി സി.പി.എം നാണംകെട്ടുവെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.