ന്യുഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളും തയ്യാറെടുപ്പുകളും വിലയിരുത്തി.
ഇന്‍ഫ്ലുവന്‍സ സംബന്ധമായ അസുഖങ്ങളുടെയും ഗുരുതരമായ ശ്വാസകോശ രോഗങ്ങളുടെയും സ്ഥിതി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി. കൊവിഡ് പരിശോധനയ്ക്കും ജീനോ സീക്വന്‍സിങിനും ആവശ്യമായ സാമ്പിളുകള്‍ നല്‍കണം. നിലവിലെ ആഗോള കൊവിഡ് സാഹചര്യം യോഗത്തില്‍ ആരോഗ്യത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരിച്ചു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട BA.2.86, EG.5 എന്നീ വകഭേദങ്ങളെക്കുറിച്ചും വിശദീകരിച്ചു. ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരമനുസരിച്ച് EG.5 വകഭേദം അന്‍പതിലധികം രാജ്യങ്ങളിലും BA.2.86 വകഭേദം നാല് രാജ്യങ്ങളിലും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് പ്രതിദിനം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അന്‍പതില്‍ താഴെ കൊവിഡ് കേസുകള്‍ മാത്രമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാവട്ടെ 0.2 ശതമാനത്തില്‍ താഴെയും. കഴിഞ്ഞ ഏഴ് ദിവസമായി ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആകെ കൊവിഡ് കേസുകളില്‍ 0.075 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ കൊവിഡ് സാഹചര്യം നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് പി.കെ മിശ്ര ചൂണ്ടിക്കാട്ടി. ആരോഗ്യ സംവിധാനങ്ങള്‍ ഇപ്പോഴും സജ്ജമാണ്. സംസ്ഥാനങ്ങള്‍ ഇന്‍ഫ്ലുവന്‍സ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കണം. ജീനോം സീക്വന്‍സിങ് നടത്തുകയും ആഗോള തലത്തില്‍ കണ്ടെത്തുന്ന വകഭേദങ്ങള്‍ക്കായി പരിശോധനകള്‍ തുടരുകയും വേണമെന്നും നിര്‍ദേശിച്ചു.