നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈൽ ഗെയിമിംഗ് വ്യവസായം. ഓരോ ദിവസവും നിരവധി പുതിയ ഗെയിമുകളാണ് ആകർഷണീയമായ രീതിയിൽ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെക്കുന്ന ഗെയിമിംഗ് വ്യവസായം ആണ് സ്മാർട്ട് ഫോണുകളുടെ വിൽപ്പനയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ കാരണമായത്. ആർക്കും എവിടെ വെച്ച് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഗെയിം കളിക്കാം സാധിക്കും എന്നതാണ് മൊബൈൽ ഗെയിമുകളെ ജനപ്രിയമാക്കുന്നത്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ഒരു പുതിയ ഗെയിമിന്റെ വീഡിയോ വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. ഇതുവരെ കണ്ട ഗെയിമുകളിൽ നിന്നും അല്പം വ്യത്യസ്തമാണ് ഇതിൻറെ ഗെയിമിംഗ് രീതി. ‘സ്‌ക്രീം ഗോ മൈ ഹീറോ’ എന്ന ഈ ഗെയിം കളിക്കേണ്ടത് ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടാണ്. കാരണം ഈ ഗെയിം കളിക്കുന്നയാളുടെ അലറൽ ശബ്ദമാണ് ഈ ഗെയിമിനെ നിയന്ത്രിക്കുന്നത്.
‘സ്‌ക്രീം ഗോ മൈ ഹീറോ’ എന്ന ഗെയിമിൽ, അതു കളിക്കുന്നവർ ആകെ ചെയ്യേണ്ടത് അലറുക മാത്രമാണ്. ഈ ശബ്ദത്തിനനുസരിച്ച് ബാറിൽ നിന്ന് ബാറിലേക്ക് ചാടുന്ന ഒരു നിൻജ കഥാപാത്രം ഗെയിമിൽ അടങ്ങിയിരിക്കുന്നു. എത്ര ഉച്ചത്തിൽ അലറുന്നുവോ അത്രയും ഉയരത്തിൽ നിൻജ ചാടും. നിങ്ങളുടെ നിലവിളി ബാറിൻ്റെ വലിപ്പവുമായി ചേരുന്നില്ലെങ്കിൽ, നിൻജ വീഴുകയും ഗെയിം അവസാനിക്കുകയും ചെയ്യും.
ഈ ഗെയിമിന്റെ വീഡിയോ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയാണ്. വൈറലായ വീഡിയോയിൽ, ഒരു ഉപയോക്താവ് ഗെയിം കളിക്കുന്നതും നിൻജ ഉയരത്തിൽ ചാടാൻ വേണ്ടി ഉച്ചത്തിൽ നിലവിളിക്കുന്നതും കാണാം. വീഡിയോയിൽ, ഉപയോക്താവ് ഉറക്കെ നിലവിളിക്കുമ്പോൾ നിൻജ എങ്ങനെ ഉയരുന്നുവെന്ന് കാണിക്കുന്നു, അതേസമയം അവൻ നിലവിളി നിർത്തിയപ്പോൾ നിൻജ താഴേക്ക് വീഴുന്നു.
25.7 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.