തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ ആണ് ന്യൂന ന്യൂന മർദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചു തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടതോടെ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തെക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന് മുകളിലായി ചക്രവാതചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ,കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ വരും ദിവസങ്ങളിൽ ഇടവേളകളോട് കൂടിയ ഇടത്തരം മഴ തുടരാനാണ് സാധ്യത.