കോഴിക്കോട് : കെ.എസ്.എഫ്.ഇ. യിൽ നിന്നും ചിട്ടി തുക കൈപ്പറ്റുന്നതിനും, ബാങ്കുകളിൽ നിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വസ്തു പണയപ്പെടുത്തി ലോൺ എടുക്കുന്നതിനായും വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്ന സംഘത്തിലെ ഒരാൾ താമരശ്ശേരി പൊലീസിന്‍റെ പിടിയിൽ. താമരശ്ശേരി പഴയ ബസ് സ്റ്റാന്‍റിനു സമീപം വെഴുപ്പൂർ റോഡിലെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നുമാണ് വയനാട് സുൽത്താൻ ബത്തേരി പട്ടരുപടി, മാട്ടംതൊടുവിൽ, ഹാരിസ് (42) ആണ് താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ കാരന്തൂരിലായിരുന്നു താമസം.
വ്യാജരേഖ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ ഇനിയും പിടി കൂടാനുണ്ട്. ഈങ്ങാപ്പുഴ കെ.എസ്.എഫ്.ഇ. ബ്രാഞ്ചിൽ മാത്രം ചിട്ടി തുക കൈപറ്റുന്നതിനായി ഇരുപത്തിനാലോളം പേർ വ്യാജ രേഖകൾ സമർപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് 12 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടാതെ കട്ടിപ്പാറ വില്ലേജ് ഓഫീസർ സൽകിയ പരാതിയിൽ രണ്ടു കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ ബാങ്കുകളിലും, ധനകാര്യ സ്ഥാപനങ്ങളിലും വസ്തു പണയ വായ്പക്കായി സമർപ്പിച്ചിട്ടുള്ള രേഖകളും വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കൈവശവകാശ സർട്ടിഫിക്കറ്റുക്കളും ലൊക്കേഷൻ സ്കെച്ചും തയ്യാറാക്കി ഒപ്പും, സീലും വ്യാജമായി പതിപ്പിച്ച് കെ. എസ്. എഫ്. ഇയുടെ വിവിധ ശാഖകളിൽ നിന്ന് വായ്പ എടുത്തതുമായി ബന്ധപ്പെട്ട് വിവിധ വില്ലേജ് ഓഫീസർമാർ അതാത് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ബാലുശ്ശേരി, നന്മണ്ട, കാവിലുംപാറ, തിനൂർ, കട്ടിപ്പാറ വില്ലേജ് ഓഫീസർമാരാണ് പരാതി നൽകിയത്. കെ.എസ്.എഫ്.ഇ മാനേജർമാർക്ക് സംശയം തോന്നിയ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിന് വില്ലേജ് ഓഫീസർമാർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. വില്ലേജ് ഓഫീസർമാരുടെ വിശദമായ പരിശോധനയിൽ ഇവ വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
വില്ലേജ് ഓഫീസുകളുടെ സീൽ വ്യാജമായി നിർമ്മിച്ചും, വ്യാജ ഒപ്പിട്ടുമാണ് സ്ഥലത്തിന്റെ സ്കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റും, മറ്റു രേഖകളും നിർമ്മിച്ചത്. എളുപ്പത്തിൽ ലോൺ ലഭിക്കുന്നതിനായി രേഖകൾ ശരിയാക്കി നൽകുമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്നും വൻ തുക കൈപ്പറ്റിയാണ് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്നത്. വ്യാജ രേഖ സംബന്ധിച്ച് താമരശേരിയിൽ മാത്രം 14 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് പൊലീസ്. തട്ടിപ്പുസംഘത്തെ പിടികൂടുന്നതിനായി റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.